k-muraleedharan

തൊടുപുഴ: അദ്ധ്യക്ഷൻ ആരായാലും പാർട്ടിയെ നയിക്കുക നെഹ്രു-ഗാന്ധി കുടുംബം തന്നെയായിരിക്കുമെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. തൊടുപുഴ ഇടവെട്ടിയിൽ കോൺഗ്രസ് ഇടുക്കി ജില്ലാ നേതൃത്വപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജി വച്ചതിനർഥം രാഷ്ട്രീയ പ്രവർത്തനം നിറുത്തുന്നുവെന്നല്ല. ഇനിയും ശക്തമായി പാർട്ടിക്കൊപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. തോൽവി തോൽവി തന്നെയാണ്. കേരളത്തിൽ മികച്ച വിജയം നേടാൻ കഴിഞ്ഞെങ്കിലും കേന്ദ്രത്തിൽ കോൺഗ്രസ് തോറ്റുപോയി. അതിന്റെ പേരിൽ ആരും രാഷ്ട്രീയം നിറുത്തേണ്ട കാര്യമില്ല. 2009ൽ തോറ്റപ്പോൾ ബി.ജെ.പി പ്രവർത്തകർ സന്യസിക്കാൻ പോയില്ലല്ലോ. അവർ 2014ലെ തിരഞ്ഞെടുപ്പിന് വേണ്ടി പ്രവർത്തിച്ചു. 1982ൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി അപമാനങ്ങളെല്ലാം സഹിച്ച് അധികാരത്തിലെത്തിയെന്ന് മോദി തന്റെ അഹംഭാവം നിറഞ്ഞ പ്രസംഗത്തിൽ പറയുന്നുണ്ട്. അത് നമ്മുടെ കാര്യത്തിലും പ്രസക്തമാണ്. 2024ൽ കോൺഗ്രസിന് തിരിച്ചുവരാൻ കഴിയും. പക്ഷേ, നന്നായി പ്രവർത്തിക്കണം. ഇനി യു.ഡി.എഫ്. അധികാരത്തിലെത്തുമ്പോൾ യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്ന് മാറ്റുന്നതിനാകണം ആദ്യ പരിഗണന . നിലവിലെ കോളേജ് കെട്ടിടം ചരിത്ര മ്യൂസിയമാക്കുകയോ ഇടിച്ചുനിരത്തി പൊതു സ്ഥലമാക്കുകയോ ചെയ്യണമെന്നും മുരളീധരൻ പറഞ്ഞു.