ചെറുതോണി: കീരിത്തോട് പെരിയാർവാലിയിൽ ഉരുൾപൊട്ടി ഒരേക്കറോളം സ്ഥലം താഴോട്ട് പതിച്ചു. കനത്തമഴയിൽ ഇന്നലെ രാവിലെ 11.30 നാണ് ഉരുൾപൊട്ടലുണ്ടായത്. വലിയ മുഴക്കത്തോടെ ഇഞ്ചത്തൊട്ടി മലയിൽ നിന്ന് ഉത്ഭവിച്ച ഉരുൾ ഒരുകിലോമീറ്ററോളം താഴെ പെരിയാറ്റിലേക്ക് പതിക്കുകയായിരുന്നു. പുതയത്തുമോളേൽ ബിജു, കരിമുണ്ടയിൽ വിനോദ്, കണ്ണൻകര സോമൻ എന്നിവരുടെ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. ഇവരുടെ സ്ഥലത്തുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിച്ചിട്ടുണ്ട്. സംഭവം പകൽ ആയതിനാലും സമീപത്ത് താമസക്കാരില്ലാത്തതിനാലും ആൾനാശം ഒഴിവായി. അടിമാലി- ചെറുതോണി റോഡിൽ കീരിത്തോട് പകുതിപ്പാലത്തിന് മറുകരയിലാണ് ഉരുൾപൊട്ടിയത്. ആദായത്തിലിരുന്ന സ്ഥലമായതിനാൽ വൻ കൃഷിനാശം ഉണ്ടായിട്ടുണ്ട്. കൊന്നത്തടി പഞ്ചായത്തിന്റെ അതിർത്തി പ്രദേശമാണിവിടം. കഴിഞ്ഞ വർഷം ഉരുൾപൊട്ടി മൂന്ന് പേർ മരിച്ച പ്രദേശത്തിന്റെ മറുകരയിലാണ് ഇന്നലെ ഉരുൾപൊട്ടിയത്. കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിൽ ഈ പ്രദേശത്ത് താമസിച്ചിരുന്നവർ വീട് വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയിരുന്നു. ദുരന്ത നിവാരണ സേന അപകടമേഖലയായി പ്രഖ്യാപിച്ച സ്ഥലമാണിവിടം. ഇടുക്കിയിൽ കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്. കഞ്ഞിക്കുഴി വാത്തിക്കുടി വാഴത്തോപ്പ് മരിയാപുരം പ്രദേശങ്ങളിൽ കാറ്റും മഴയും വ്യാപകമായ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.