തൊടുപുഴ: കുമ്പംകല്ല് ഡ്രീംലാന്റ് റസി‌‌ഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ളാസും എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ ഫാത്തിമ നാസറിനെ ആദരിക്കുകയും ചെയ്തു. വാ‌ർഡ് കൗൺസിലർ ബീന ബഷീർ യോഗം ഉദ്ഘാടനം ചെയ്തു. റിട്ട. മുൻ കുടുംബശ്രീ അസി. കോ​- ഓർഡിനേറ്റർ കെ.പി വേണുഗോപാലപിള്ള ജീവിത ശൈലീ രോഗങ്ങളെക്കുറിച്ച് ക്ളാസ് നയിച്ചു.

കാവ്യകഥാവേദി

തൊടുപുഴ : ഉപാസന കാവ്യകഥാവേദിയുടെ ജൂലായ് മാസത്തെ പൊതുയോഗം ഉപാസനാ ഡയറക്ടർ ഫാ. ഷിന്റോയുടെ അദ്ധ്യക്ഷതയിൽ നടന്നു. മധു പത്മാലയം,​ ഫാസിൽ അതിരമ്പുഴ,​ നോർബെർട് ജോസഫ്,​ ബേബി സ്റ്റീഫൻ,​ ജോർജ്ജ് ജോസഫ്,​ കെ.ആർ.എസ് നായർ,​ കൗസല്യ കൃഷ്ണൻ,​ കാർത്തിയായിനി കൃഷ്ണൻകുട്ടി എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു. വി.എസ് ബാലകൃഷ്ണപിള്ള സൃഷ്ടികളുടെ അവലോകനം നടത്തി. സെക്രട്ടറി രമ.പി.നായർ നന്ദി പറഞ്ഞു.

ആലോചനാ യോഗം ഇന്ന്

മുട്ടം: എസ്.എൻ.ഡി.പി യോഗം മുട്ടം ശാഖയിലെ ഈ വർഷത്തെ ശ്രീനാരായണ ഗുരുദേവ ജയന്തിയുടെ ആലോചനാ യോഗം ഇന്ന് ഉച്ചയ്ക്ക് 12ന് എ.സി രാമൻകുട്ടി മെമ്മോറിയൽ ഹാളിൽ നടക്കും. യോഗത്തിൽ എല്ലാ ശാഖാ അംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖാ സെക്രട്ടറി വി.എം സുകുമാരൻ അറിയിച്ചു.

പുസ്തകാസ്വാദന സദസ്

മണക്കാട് : മണക്കാട് ദേശസേവിനി വായനശാലയുടെ ആഭിമുഖ്യത്തിൽ പുസ്തകാസ്വാദന സദസും വൈക്കം മുഹമ്മദ് ബഷീറിന്റെ 25-​ാമത് ചരമദിന അനുസ്മരണവും വായനശാലാ ഹാളിൽ നടന്നു. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് കൺവൻഷൻ

തൊടുപുഴ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വെങ്ങല്ലൂർ യൂണിറ്റ് കൺവൻഷൻ പ്രസിഡന്റ് പി.ജി മധുസൂദനൻ നായരുടെ അദ്ധ്യക്ഷതയിൽ പെൻഷൻ ഭവനിൽ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ മേരി ഉദ്ഘാടനം ചെയ്തു. കൺവൻഷനിൽ നവാഗതരെ സ്വീകരിക്കുകയും മുതിർന്നവരെ ആദരിക്കുകയും ചെയ്തു.

ജില്ലാ സമ്മേളനം

തൊടുപുഴ: പൊലീസ് മിനിസ്റ്റീരിയൽ പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം തൊടുപുഴ ഹൈറേഞ്ച് റസിഡൻസി ഹാളിൽ നടന്നു. കുര്യാക്കോസ് തോമസിന്റെ അദ്ധ്യക്ഷതയിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. എം.എൻ മനോഹർ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിനെപ്പറ്റി ക്ളാസ് നയിച്ചു. ഇ.എ അബ്രാഹം,​ കെ.ആർ രഘുവരൻ,​ കെ.എൻ സാവിത്രി,​ വി.കെ കൃഷ്ണൻ,​ ടി.എസ് ശശിനാഥൻ എന്നിവർ സംസാരിച്ചു.

സ്പോട്ട് അഡ്മിഷൻ

തൊടുപുഴ : ഇടുക്കി ജില്ലയിലെ പോളിടെക്നിക് കോളേജുകളിലേക്കുള്ള രണ്ടാം സ്പോട്ട് അഡ്മിഷൻ 22,​23 തിയതികളിൽ മുട്ടം ഗവ. പോളിടെക്നിക് കോളേജിൽ നടക്കും. ഫോൺ : 04862- 255083.

അറിയിപ്പ്

തൊടുപുഴ : കേരളാ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർ‌ഡ്,​ വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങൾക്ക് തൊഴിൽ സൗകര്യത്തിനായി വിതരണം ചെയ്യുന്ന ബീച്ച് അംബ്രല്ലയ്ക്കും ഭിന്നശേഷിക്കാരായ അംഗങ്ങൾക്ക് സൗജന്യ മോട്ടോറൈസ്ഡ് ട്രൈ സ്കൂട്ടറിനുമുള്ള അപേക്ഷകൾ ആഗസ്റ്റ് 31 വരെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ സ്വീകരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു.