തൊടുപുഴ: ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇടുക്കിയിൽ ഇന്നലെയും കനത്ത മഴ തുടരുകയാണ്. ഒരിടത്ത് ഉരുൾപൊട്ടി, ഹൈറേഞ്ചിലെമ്പാടും ജില്ലയിലെമ്പാടും മണ്ണിടിച്ചിലുണ്ടായി. ജില്ലയിൽ ഇന്ന് റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിൽ നിലവിൽ കല്ലാർകുട്ടി, പാംബ്ല, മലങ്കര ഡാമുകളുടെ ഷട്ടറുകൾ വെള്ളിയാഴ്ച മുതൽ തുറന്നിരിക്കുകയാണ്. ഇന്നലെ രാവിലെ മലങ്കര അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി 30 സെന്റീമീറ്റർ ഉയർത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടര അടി കൂടിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് 112.5 അടിയായി ഉയർന്നു. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 81.98 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. മഴ ശക്തമായി തുടർന്നാൽ പലയിടങ്ങളിലും ഇനിയും ഉരുൾപൊട്ടുമെന്ന ഭീതിയിലാണ് ജനങ്ങൾ.
കല്ലാർ ഡാം ഇന്ന് തുറക്കും
വരും ദിനങ്ങളിൽ കനത്ത മഴയുടെ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് രാവിലെ ആറിന് ഉയർത്തി 20 ക്യുമെക്‌സ് വെള്ളം ഒഴുക്കി വിടും. ചിന്നാർ, തൂവൽ, പെരിഞ്ചാംകുട്ടി പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.