കട്ടപ്പന: കാഞ്ചിയാർ പേഴുംകണ്ടം കൊച്ചുചേന്നാട്ട് കവലയിൽ വീടിന് മുകളിലേയ്ക്ക് മരം കടപുഴകി വീണ് യുവാവിന് പരിക്ക്. കല്ലോലിക്കൽ സജി തോമസിന്റെ വീടിന് മുകളിലേയ്ക്കാണ് മരം വീണത്. സജിയുടെ മകൻ സിജോയ്ക്കാണ് (20) തലയ്ക്ക് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മൂന്നിനാണ് സജിയുടെ വീടിന് മുകളിലേയ്ക്ക് പനമരം കടപുഴകി വീണത്. സംഭവസമയത്ത് വീടിനുള്ളിൽ സജിയുടെ ഭാര്യയും രണ്ട് മക്കളുമുണ്ടായിരുന്നു. മകൻ സിജോ മുറിക്കുള്ളിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് മരം വീണത്. സിജോയുടെ തലയ്ക്ക് ചെറിയ തോതിൽ പരിക്കേറ്റു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് സിജോയെ ആശുപത്രിയിലെത്തിച്ചു. മറ്റാർക്കും പരിക്കുകളില്ല. ഈ സമയത്ത് ചെറിയ തോതിൽ മാത്രമാണ് മഴയുണ്ടായിരുന്നത്. വീടിന്റെ ഒരു മുറി പൂർണമായും മറ്റൊരു മുറിയുടെ ഷീറ്റുകളും തകർത്തു. വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. അയൽവാസിയുടെ ഭൂമിയിൽ നിന്ന മരമാണ് കടപുഴകിയത്.