തൊടുപുഴ: ഇടതു പക്ഷ സർക്കാരിന്റെ വികലമായ സാമ്പത്തിക നയം കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകർത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടവെട്ടിയിൽ നടന്ന ഡി.സി.സി നേതൃപരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാർ വന്നാൽ കേരളത്തിന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ധവളപത്രം ഇറക്കും. പ്രളയം മൂലം തകർന്ന കേരളജനതയെ കൈപിടിച്ചുയർത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല. കാർഷിക മേഖലയുടെ തകർച്ച സമ്പദ്‌വ്യവസ്ഥയുടെ തകർച്ച പൂർണമാക്കി. സാമ്പത്തിക പാപ്പരത്തം കൊണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് പിടിച്ചെടുത്തത്. 19 കർഷകർ കേരളത്തിൽ ആത്മഹത്യ ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ചു. 'സമകാലിക രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി" എന്ന വിഷയത്തിൽ രാഷ്ട്രീയ നിരൂപകൻ അഡ്വ. ജയശങ്കർ ക്ലാസ് നയിച്ചു. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ എം.പി, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി മൺവിള രാധാകൃഷ്ണൻ, കെ.പി.സി.സി സെക്രട്ടറി ഫിലിപ് ജോസഫ് എന്നിവർ സംസാരിച്ചു.