രാജാക്കാട്: വിനോദസഞ്ചാര മേഖലകളിൽ വ്യാജ തേൻ വിൽപ്പന വ്യാപകമാകുന്നു. മാട്ടുപ്പെട്ടി, മൂന്നാർ, ചിന്നക്കനാൽ, ആനയിറങ്കൽ തുടങ്ങി സഞ്ചാരികൾ അധികമായെത്തുന്ന പ്രദേശങ്ങളിലാണ് തമിഴ്നാട്ടിൽ തയ്യാറാക്കുന്ന വ്യാജ തേനുമായി വിൽപ്പനക്കാർ എത്തുന്നത്. 'ചക്കരപ്പാനി' എന്ന് നാട്ടുകാർ വിളിക്കുന്ന ലായനിയുടെ നിറം തേനിന് സമാനമാണ്. തേനീച്ചകൾ കൂട്ടമായി കൂടുക്കൂട്ടുന്ന മരച്ചുവടുകളിലും ദേശീയപാതയുടെ ഓരങ്ങളിൽ സഞ്ചാരികൾ കാഴ്ചകാണാൻ ഇറങ്ങുന്ന സ്ഥലങ്ങളിലും വാഹനങ്ങളിൽ കൊണ്ടുവന്നാണ് വിൽപ്പന. പേശിയാൽ വില കുറച്ചുകൊടുക്കുമെന്നതിനാൽ ധാരാളം പേർ വാങ്ങാറുണ്ട്. കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങിയും മരുന്നിന്റെ ഉപയോഗത്തിനായുമാണ് അധികംപേരും ഇത് വാങ്ങുന്നത്. നേരത്തെ സന്ദർശകരുടെ അജ്ഞത മുതലെടുത്തുള്ള കബളിപ്പിയ്ക്കലിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തിയിരുന്നു. എന്നാൽ തുടർ പരിശോധനകൾ ഇല്ലാതായതോടെ ഇവർ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്.
വ്യാജൻ കണ്ടാലറിയില്ല
പഞ്ചസാര ലായനിയിൽ നിറം ചേർത്താണ് വ്യാജൻ ഉത്പാദിപ്പിക്കുന്നത്. കാഴ്ചയിൽ തേനിന്റെ നിറവും കൊഴുപ്പുമുണ്ടാകും. മണം കിട്ടുന്നതിനായി പേരിന് തേൻ ചേർക്കും. വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിന് സമീപത്തായി തേനിന്റെ റാട്ടുകൾ പാത്രങ്ങളിൽ പ്രദർശിപ്പിക്കും.
ഒരു കുപ്പി(750 മില്ലി)- 500 മുതൽ 1000 രൂപ വരെ