രാജാക്കാട്: ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിലെ എം.ബി.എം ക്രഷറിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ മോഷണം പോയ കേസിൽ റിമാൻഡിലുള്ള ആറ് പ്രതികളെയും കൂടുതൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. നാളെ ഇതിനുള്ള അപേക്ഷ സമർപ്പിക്കും. ബാക്കി സ്‌ഫോടക വസ്തുക്കൾക്കായി ഉടുമ്പൻചോല പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംസ്ഥാന സ്‌ഫോടകവസ്തു വിഭാഗം ഡെപ്യൂട്ടി കൺട്രോളറുടെ നേതൃത്വത്തിലുള്ള അന്വേഷണവും തുടരുകയാണ്. ഇതിനായി ഒരു ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. പാമ്പാടുംപാറ സന്യാസിഓട ആദിയാർപുരം സ്വദേശികളായ ചേരിയ്ക്കൽ രതീഷ്, ശ്രീജിത്ത്, പനക്കസിറ്റി പുത്തൻപുരയ്ക്കൽ സതീഷ് എന്ന രതീഷ്, കോഴിക്കോട് അത്തൂർകുന്ന് ഈട്ടിപ്പറമ്പിൽ വിശ്വനാഥൻ, തൂക്കുപാലം അറക്കുളംപടി ബ്ളോക്ക് 421ൽ താമസിക്കുന്ന ഭദ്രൻ, ബാലഗ്രാം പുതുപ്പുരയ്ക്കൽ ശശിധരൻ എന്നിവരാണ് റിമാൻഡിലുള്ളത്. ഈ മാസം ആറിനായിരുന്നു ഒറ്റപ്പെട്ട പ്രദേശത്ത് പ്രവർത്തിക്കുന്ന ക്രഷറിന്റെ ഗോഡൗണിന്റെ പൂട്ട് തകർത്ത് 100 കിലോ നൈട്രേറ്റ് മിക്സ്ചറും, 2000 ഡിറ്റണേറ്ററുകളും ക്രഷറിലെ ജോലിക്കാരായ രതീഷ്, ശ്രീജിത്ത്, സതീഷ്, വിശ്വനാഥൻ എന്നിവർ ചേർന്ന്‌ മോഷ്ടിച്ചത്. ഇതിൽ 1000 ഡിറ്റണേറ്ററും 1000 പശയും ഭദ്രനും ശശിധരനും വാങ്ങിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 55 കിലോ ജലാറ്റിൻ സ്റ്റിക്കും 600 ഡിറ്റണേറ്ററുകളും ഇവരിൽ നിന്ന് കണ്ടെടുത്തു. മോഷ്ടിച്ചതിൽ പാതിയുടെ തുമ്പ് ലഭിച്ചെങ്കിലും ബാക്കിയുള്ളവ കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള അന്വേഷണമാണ് പൊലീസ് തുടരുന്നത്. പ്രദേശത്തെ പലർക്കായി ഇവ വിറ്റുവെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. വാങ്ങിയവരെക്കുറിച്ചുള്ള സൂചനകളും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവരിൽ നിന്ന് ഇവ കൈമറിഞ്ഞ്‌ പോയോ എന്ന് വ്യക്തമല്ല.