തൊടുപുഴ: ധന്വന്തരി വൈദ്യശാല, കോലാനി ജനരഞ്ജിനി വായനശാലയുടെ സഹകരണത്തോടെ വൈദ്യൻ സി.എൻ. നമ്പൂതിരി സ്മാരക സ്കോളർഷിപ്പ് നൽകുന്നു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടിയ്ക്കാണ് ധനസഹായം നൽകുന്നത്. ലൈബ്രറിയിലെ ബാലവിഭാഗം അംഗങ്ങൾ, ലൈബ്രറി അംഗങ്ങൾ, അംഗങ്ങളുടെ കുട്ടികൾ എന്നിവർ 31ന് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് ലൈബ്രറി സെക്രട്ടറി അറിയിച്ചു.
മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നു
തൊടുപുഴ: ചിങ്ങം ഒന്ന് കർഷക ദിനാഘോഷത്തോടനുബന്ധിച്ച് മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നതിനായി വെള്ളിയാമറ്റം പഞ്ചായത്ത് പരിധിയിൽപ്പെടുന്ന കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നെൽ കർഷകർ, ജൈവ കർഷകർ, എസ്.സി/ എസ്.ടി കർഷകർ, വിദ്യാർത്ഥി കർഷകൻ, യുവകർഷകൻ, വനിതാ കർഷകൻ, മികച്ച കർഷകൻ, തേനീച്ച കർഷകൻ എന്നീ വിഭാഗങ്ങളിൽപ്പെട്ട കർഷകരിൽ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്. താത്പര്യമുള്ള കർഷകർ 25ന് മുമ്പായി വെള്ളിയാമറ്റം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
തൊടുപുഴ: കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 1985ലെ പഴയ പദ്ധതി പ്രകാരമുള്ള ക്ഷേമനിധി വിഹിതം കുടിശിഖ വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പലിശയും പിഴപലിശയും ഒഴിവാക്കി ക്ഷേമനിധി അടയ്ക്കുന്നതിനുള്ള സമയപരിധി സെപ്തംബർ 30 വരെ നീട്ടി. റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചിട്ടുള്ളതും ആരംഭിക്കാത്തതുമായ കേസുകൾക്കും ഈ പദ്ധതി പ്രകാരം കുടിശിഖ ഒടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862- 220308.