കരിമണ്ണൂർ: കരിമണ്ണൂർ ഭാഗത്തെ റോഡുകളെല്ലാം തകർന്നു. കോട്ട- പരിയാരം​- പള്ളിക്കാമുറി,​ ഏഴുമുട്ടം- ഞറുക്കുറ്റി,​ കരിമണ്ണൂർ മഠം- വണ്ടമറ്റം,​ മാണിക്കുന്നേൽ വണ്ടമറ്റം എന്നീ റോഡുകളാണ് കാൽനടപോലും പറ്റാത്തവിധം തകർന്നത്. റോഡുകളിൽ വൻ കുഴി രൂപപ്പെട്ടതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിപ്പെടുന്നത് നിത്യസംഭവമായി. വണ്ടമറ്റം- നെയ്യശ്ശേരി റോഡിൽ ആമ്പൽക്കുടി ശ്രീധ‌ർമ്മശാസ്താ ക്ഷേത്രത്തിന് സമീപം ഓടയില്ലാത്തതിനാൽ റോഡിൽ ചെളി നിറഞ്ഞ് കാൽനടയാത്ര പോലും പറ്റാത്ത സ്ഥിതിയാണ്. കരിമണ്ണൂർ- തൊമ്മൻകുത്ത് റോഡിൽ നെയ്യശ്ശേരി മുസ്ളിം പള്ളിക്ക് സമീപം റോഡിന്റെ സൈഡ് തോട്ടിലേക്ക് ഇടിഞ്ഞതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ല. ഇത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. പല തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് മെമ്പർമാരായ നിസാമോൾ ഷാജി,​ സുകു കുമാർ,​ ജോസ്മി ജോസ്,​ ആനിയമ്മ,​ ബീന സോമൻകുഞ്ഞ്,​ ബിന്ദു റോബർട്ട് എന്നിവർ ബി.ഡബ്ളു.ഡിക്ക് നിവേദനം നൽകി. ഉടൻ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മെമ്പർമാർ അറിയിച്ചു.