ചെറുതോണി: ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വാഴത്തോപ്പ് പഞ്ചായത്തിൽ മണിയാറംകുടി തൈയ്യിൽ ജോഷിയുടെ വീട് തകർന്നു വീണ് ഗൃഹനാഥന് പരിക്കേറ്റു. ജോഷിയെ പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. വീട് ഇടിഞ്ഞ് വിഴുന്ന ശബ്ദം കേട്ട് ജോഷിയും രണ്ട് മക്കളും പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. കൂലി പണിക്കാരായ ജോഷിയും കുടുബവും വീട് നഷ്ടപ്പെട്ടതോടെ എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് ജോഷിക്ക് വീട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും ബന്ധപ്പെട്ടവർ നടപടിയെടുത്തില്ലെന്ന് വാർഡ് മെമ്പർ റീത്താ സൈമൺ പറയുന്നു. അടിയന്തരമായി സർക്കാർ ജോഷിക്കും കുടുംബത്തിനും വീടുനൽകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.