സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം
മുട്ടം:ജില്ലയിലെ ഹോമിയോ മരുന്നുകളുടെ വിതരണത്തിന് കങ്കന്ദ്രീകൃത സംവിധാനമെന്ന നിലയിൽ നിർമ്മാണം പൂർത്തിയായ ഹോമിയോ ജില്ലാ മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം ഇനിയുമായില്ല.ഇതോടെ വിതരണത്തിനുവേണ്ടി ലക്ഷങ്ങളാണ് ഹോമിയോ വകുപ്പ് നഷ്ടപ്പെടുത്തുന്നത് .മുട്ടത്ത് ജില്ലാ ഹോമിയോ ആശുപത്രിയോട് അനുബന്ധിച്ചാണ് ജില്ലാ മെഡിക്കൽ സ്റ്റോർ നിർമ്മിച്ചിരിക്കുന്നത്.ഹോമിയോ വകുപ്പിന്റെ കീഴിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ആശുപത്രികളിലേക്കും ഡിസ്‌പൻസറികളിലേക്കും മരുന്നുകളും അനുബന്ധ സാധന സാഗ്രികളും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്.പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗത്തിനായിരുന്നു ഇതിന്റെ നിർമ്മാണ ചുമതല.കഴിഞ്ഞ ജനുവരിയിൽ സ്റ്റോറിൻ്റെ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചെങ്കിലും മിനുക്ക് പണികളും വൈദ്യുതി സംബ്ബന്ധമായ ജോലികളും ഇനിയും പൂർത്തീകരിക്കാനുണ്ട്.
ബാക്കിയുളള പണികൾ നീണ്ട് പോകുന്നതും സ്റ്റോറിന്റെ ഉദ്ഘാടനം നടക്കാത്തതും സർക്കാരിന് വൻ ബാദ്ധ്യതയുമാവുകയാണ്.1183 ചതുരശ്ര അടി വിസ്തൃതിയിലാണ് സ്റ്റോർ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.ദീർഘ കാലം മരുന്നുകൾ കേട് കൂടാതെ സൂക്ഷിക്കാനുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്റ്റോർ നിർമ്മിച്ചിരിക്കുന്നത്.ഹോമിയോ വകുപ്പിൽ നിന്നുള്ള 25 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.
ആലപ്പുഴയിലുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ ഹോമിയോപ്പതിക്ക് കോ - ഓപ്പറേറ്റീവ് ഫാർമസിയിൽ ( ഹോംകോ ) നിന്നാണ് ഇപ്പോൾ ജില്ലക്ക് ആവശ്യമായ മരുന്നുകൾ എത്തുന്നത്.ഇവിടെ നിന്നും മരുന്നുകൾ ജില്ലയിലേക്ക് എത്തിക്കുന്നതിന് ഏറെ സാമ്പത്തിക ചിലവിനും കൃത്യസമയത്ത് മരുന്നുകൾ എത്തുവാൻ ഏറെ കാല താമസത്തിനും ഇടവരുത്തുന്നുമുണ്ട്.ഹോമിയോ വകുപ്പിന്റെ ജില്ലയിലുളള ഡിസ്പൻസറികൾ,താലൂക്ക് - ജില്ലാ ആശുപത്രികൾ എന്നിവടങ്ങളിലേക്ക് മരുന്നുകളും മറ്റുളള അനുബന്ധ സാധന സാഗ്രികളും ആവശ്യം വരുമ്പോൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രത്തോടെയാണ് ആലപ്പുഴയിലുളള ഹോംകോയിൽ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകുന്നത്.ഹോംകോയിൽ നിന്ന് മരുന്നുകളും മറ്റും ജില്ല മെഡിക്കൽ ഓഫീസിൽ എത്തി പിന്നീട് ഇവിടെ നിന്നും ആവശ്യമുളള വിവിധ സ്ഥലങ്ങളിൽ എത്തുന്നതിന് ഏറെ കാലതാമസം ഉണ്ടാവുകയാണ്.കെട്ടിട നിർമ്മാണം പൂർത്തീയായിട്ടും ബാക്കിയുളള നിസാരമായ പണികൾ ഇഴയുന്നതിൽ ഹോമിയോ ജീവനക്കാരുടെ വിവിധ സംഘടനകളും ആക്ഷേപം ഉന്നയിക്കുകയും ബന്ധപ്പെട്ടവർക്ക്നിവേദനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.പക്ഷെ കാര്യങ്ങൾക്ക് തീരുമാനമാകുന്നില്ല.
ഒരു വർഷം പത്ത് ലക്ഷം രൂപയുടെ ഹോമിയോ മന്നുകളും അനുബന്ധ സാമഗ്രികളുമാണ് ആലപ്പുഴയിലുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ ഹോമിയോപ്പതിക്ക് കോ - ഓപ്പറേറ്റീവ് ഫാർമസിയിൽ ( ഹോംകോ ) നിന്ന് ജില്ലയിലേക്ക് എത്തുന്നത്.
ജില്ലയിലെ ഹോമിയോ ആശുപത്രികൾ
മുട്ടത്ത് ജില്ലാ ആശുപത്രി
പുഷ്പകണ്ടത്ത് താലൂക്ക് ആശുപത്രി,
24എൻ ആർ എച്ച് എം ൻ്റെ ഡിസ്പൻസറികൾ
42 ഹോമിയോ ഡിസ്പൻസറികൾ