തൊടുപുഴ: ആറുമാസത്തിനിടെ ജില്ലയിൽ റോഡപകടങ്ങളിൽ നഷ്ടമായത് 55 മനുഷ്യജീവനുകൾ. ഈ വർഷം ജൂൺ 30 വരെയുള്ള കണക്കാണിത്. 576 അപകടങ്ങളിലായാണ് 55 പേർ മരിച്ചത്. 415 പേരാണ് ഗുരുതര പരിക്കുകളേറ്റ് മരിച്ചതിന് തുല്യമായി ജീവിക്കുന്നത്. ചെറിയ പരിക്കുകളേറ്റവർ 250 പേരാണ്. കഴിഞ്ഞ വർഷം 1182 അപകടങ്ങളിലായി 91 ജീവനുകളാണ് പൊലിഞ്ഞത്. 931 പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടനിരക്ക് കുറവാണെങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ മരണനിരക്ക് എട്ട് ശതമാനത്തോളം വർദ്ധിച്ചു. ജില്ലയിൽ തൊടുപുഴ മേഖലയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം 108 അപകടങ്ങളിലായി നാല് പേരാണ് മരിച്ചത്.

വർഷം അപകടങ്ങൾ മരണം

2017 1105 89

2018 1182 91

2019 576 55

(ഇതുവരെ)

അപകടകാരണങ്ങൾ

അശാസ്ത്രീയമായ റോഡ്

വാഹനപ്പെരുപ്പം

അലക്ഷ്യമായ ഡ്രൈവിംഗ്‌

 റോഡിലെ കുഴികൾ

മഴക്കാലഅപകടങ്ങൾ തടയാം

മഴക്കാലത്ത് വാഹനാപകടങ്ങൾ പതിവാണ്. അപകടമൊഴിക്കാൻ ഇവ ശ്രദ്ധിക്കുക

* സൂക്ഷിച്ച് ഓടിച്ചില്ലെങ്കിൽ മഴവെള്ളം നിറഞ്ഞ റോഡുകളിലെ കുഴികളിൽ വീഴും

*പെട്ടെന്ന് ബ്രേക്കിട്ടാൽ നനഞ്ഞ റോഡിൽ ഇരുചക്രവാഹനങ്ങൾ തെന്നിവീഴും.

* മരം വീണും മണ്ണിടിഞ്ഞും ഗതാഗത തടസമുണ്ടാകാം. നേരത്തെ ഇറങ്ങി സാവധാനം ഓടിക്കുക.

*ടയറുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുക. പഴകിയ ടയറുകൾ അപകടത്തിന് കാരണമാകും.

*വൈപ്പർ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കുക. ഇല്ലെങ്കിൽ ശക്തമായ മഴയിൽ കാഴ്ച മറയും

* നനഞ്ഞുകിടക്കുന്ന റോഡുകളിൽ വഴുക്കലുണ്ടാക്കിയേക്കാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് വഴിതെളിക്കും.

* അതിശക്തമായ മഴയത്ത് കഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക. മരങ്ങളില്ലാത്ത സുരക്ഷിതമായ സ്ഥലത്ത് വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോൾ യാത്ര തുടരാം.

*മഴയുള്ളപ്പോൾ ഹെഡ്‌ലൈറ്റുകൾ തെളിച്ചാൽ അപകടസാദ്ധ്യത കുറയ്ക്കാം.