തൊടുപുഴ: തൊടുപുഴ ഫിലിം സൊസൈറ്റി, ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ കേരള ഘടകത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൺസൂൺ ഫിലിംഫെസ്റ്റിന് സിൽവർഹിൽസ് സിനിമാസിൽ തുടക്കമായി. നഗരസഭാ ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി പ്രസിഡന്റ് ബാബു പള്ളിപ്പാട്ട് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി യു.എ. രാജേന്ദ്രൻ, വി.കെ. ബിജു, സജിത ഭാസ്‌ക്കർ, എൻ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിഖ്യാതചലച്ചിത്രകാരൻ മജീദ് മജീദി സംവിധാനം ചെയ്ത 'ചിൽഡ്രൻ ഓഫ് ഹെവൻ' എന്ന ചിത്രം സ്‌കൂൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. വിവിധ സ്‌കൂളുകളിലെ കുട്ടികൾ പ്രദർശനം കാണാനെത്തി. വൈകിട്ട് 6.30ന് ജയരാജ് സംവിധാനം ചെയ്ത 'ഭയാനകം' പ്രദർശിപ്പിച്ചു. രണ്ടാം ദിവസമായ ഇന്ന് വൈകിട്ട് 6.30ന് സ്പാനിഷ് ചിത്രമായ 'ദി ഒലീവ് ട്രീ' (സംവിധാനം: ഇകാർബൊളൈൻ) പ്രദർശിപ്പിക്കും. ഫെസ്റ്റിവൽ വ്യാഴാഴ്ച സമാപിക്കും.