ഇടുക്കി: സാഹചര്യങ്ങൾ ഒരാളെ കുറ്റവാളിയാക്കിയാൽ എല്ലാക്കാലത്തും അയാൾ ആ പാപഭാരവുംപേറി ഒറ്റപ്പെട്ട് കഴിയണോ.... വീണ്ടും അവരെ കുറ്റവാസനയിലേക്കല്ല നേർവഴി നയിക്കാൻ ഇതാ ഇവിടെ ആളുണ്ട്. കുറ്റവാളികളെ മാത്രമല്ല അവരുടെ കുടുംബത്തിന്റയും സുക്ഷിതത്വവും പുനരധിവാസവും ലക്ഷ്യമിട്ട് സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസ് മുഖേന നടപ്പാക്കുന്ന നേർവഴി പദ്ധതിയാണ് ഇപ്പോൾ മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നത്. 2014ൽ കൊല്ലം, പത്തനംതിട്ട, വയനാട്, കണ്ണൂർ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച നേർവഴി പദ്ധതി പിന്നീട് സംസ്ഥാന വ്യാപകമാക്കുകയായിരുന്നു. ജില്ലാ പ്രൊബേഷൻ ഓഫീസ് മുഖേന നടപ്പാക്കുന്ന നേർവഴി പദ്ധതിയുടെ നിർവഹണത്തിനായി പ്രൊബേഷൻ അസിസ്റ്റന്റിനെ കൂടി നിയമിച്ച് പ്രവർത്തന മേഖല വിപുലപ്പെടുത്തിയിരിക്കുകയാണ്.

പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്‌സ് ആക്ട് പ്രകാരം നല്ല നടപ്പിന് വിടുതൽ ചെയ്യാൻ യോഗ്യമായ കേസുകൾ കണ്ടെത്തി അർഹരായവർക്ക് നിയമത്തിന്റെ പ്രയോജനം ലഭ്യമാക്കുക, 18 മുതൽ 25 വയസ്സുവരെയുള്ള കുറ്റാരോപിതർക്ക് സാങ്കേതിക,മാനസിക സേവനം സ്വയം തൊഴിൽ പരിശീലനം ലഭ്യമാക്കുക, മുൻ തടവുകാരുടെ പുനരധിവാസം സ്വയംതൊഴിൽ ധനസഹായം ലഭ്യമാക്കുക, തടവുശിക്ഷ ലഭിക്കുന്നവരുടെ ആശ്രിതർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള ധനസഹായം ഉറപ്പാക്കുക, മദ്യം, മറ്റ് ലഹരി പദാർത്ഥങ്ങൾക്ക് വിധേയമായി അപകടകരമായ സ്വഭാവ പെരുമാറ്റ പ്രശ്‌നങ്ങൾ ഉള്ളവരുടെ ചികിത്സ പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതി മുഖേന നടപ്പിലാക്കി വരുന്നത്.

വിദ്യാഭ്യാസ ധനസഹായം

ലഭ്യമാക്കും

കുറ്റകൃത്യങ്ങൾക്ക് ഇരയായി കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്തവരുടെ മക്കൾക്ക് 300 മുതൽ 1500 രൂപ വരെ പ്രതിമാസം വിദ്യാഭ്യാസ ധനസഹായം ലഭ്യമാക്കാൻ സർക്കാർ ഉത്തരവായിട്ടുണ്ട്. ജില്ലാ പ്രൊബേഷൻ ഓഫീസ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. തടവുശിക്ഷ അനുഭവിക്കുന്നവരുടെ കുട്ടികൾക്കും വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിനായി പദ്ധതി നിലവിലുണ്ട്.

പ്രൊബേഷൻഓഫ്

ഒഫൻഡേഴ്‌സ് ആക്ട്

കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന യുവാക്കളെയും ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൽ ഏർപ്പെടുന്നവരുടെയും തടവ് ശിക്ഷ ഉപാധികളോടെ ഒഴിവാക്കി അവരുടെ പരിവർത്തനത്തിനും പുനരധിവാസത്തിനുമായി പ്രൊബേഷൻ ഓഫീസറുടെ നിരീക്ഷണത്തിൻ കീഴിൽ വിടുതൽ ചെയ്യുന്നതിന് കോടതിക്ക് അധികാരം നൽകുന്ന നിയമമാണ് പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്‌സ് ആക്ട് 1958. പ്രൊബേഷൻ ഓഫീസറുടെ നിരീക്ഷണത്തിൻ കീഴിലുള്ള കുറ്റവാളി വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടാൽ ഒഴിവാക്കപ്പെട്ട തടവ് ശിക്ഷ ലഭിക്കുന്നതിന് കാരണമാകും. എല്ലാത്തരം കുറ്റവാളികളും ജയിലിൽ എത്തുന്നത് കുറ്റവാളിക്കോ സമൂഹത്തിനോ ഗുണകരമായിരിക്കില്ല എന്ന ആശയത്തിൽ അധിഷ്ഠിതമായ സാമൂഹ്യ ചികിത്സാ സമ്പ്രദായമാണ് പ്രൊബേഷൻ. എല്ലാത്തരം കുറ്റവാളികളും പ്രൊബേഷൻ നിയമപ്രകാരം കൈകാര്യം ചെയ്യപ്പെടുന്നതിന് അർഹരല്ല.

ജില്ലയിൽ ഒരു പൊലീസ് സ്റ്റേഷൻ തെരഞ്ഞെടുത്ത് പൊലീസിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ കുറ്റകൃത്യങ്ങൽ പ്രതിരോധിക്കുന്നതിനുള്ള പ്രാദേശിക തലത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ജി. ഗോപകുമാർ

ജില്ലാ പ്രൊബേഷൻ ഓഫീസർ