തൊടുപുഴ: കാലവർഷം ആരംഭിച്ച ജൂൺ മുതൽ ഇതുവരെ ഒന്നരക്കോടിയോളം രൂപയുടെ കൃഷി നാശമുണ്ടായതായി കണക്ക്. രണ്ട് മാസത്തെ കാറ്റിലും മഴയിലും വിവിധ വിളകൾ നശിച്ചതു മൂലം 1,42,57,820 രൂപയുടെ നഷ്ടം കർഷകർക്കുണ്ടായി.
ജൂൺ ആറു മുതൽ ഇന്നലെ വരെ 128.47 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. 722 കർഷകർക്ക് കൃഷി നാശം നേരിട്ടു. മറയൂർ, കാന്തല്ലൂർ ,വട്ടവട മേഖലകളിൽ വ്യാപകമായി പച്ചക്കറികൾ നശിച്ചിട്ടുണ്ടെങ്കിലും കൃത്യമായ കണക്കുകൾ കൃഷി വകുപ്പ് രേഖപ്പെടുത്തി വരുന്നതേയുള്ളൂ.
നാശത്തിന്റെ കൃഷികണക്ക്
കുലച്ച വാഴകൾ- 48411 എണ്ണം ഒടിഞ്ഞു
കുലക്കാത്ത വാഴകൾ- 8870
ഏലച്ചെടികൾ- ഏഴ് ഹെക്ടർ
ടാപ്പ് ചെയ്യുന്ന റബർ മരങ്ങൾ- 2182
ടാപ്പ് ചെയ്യാത്തവ- 568
കുരുമുളക് ചെടികൾ- 2845
തെങ്ങുകൾ- 13
മഴ ഇന്നലെയും ശക്തം
ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലയിൽ ഇന്നലെയും കനത്ത മഴ ലഭിച്ചു. തൊടുപുഴ മേഖലയിൽ ഞായറാഴ്ച രാത്രി ആരംഭിച്ച മഴ ഇന്നലെ രാവിലെയോടെ അൽപ്പം ശമിച്ചെങ്കിലും ഉച്ചയോടെ ശക്തിപ്രാപിച്ചു. ഹൈറേഞ്ചിലും തോരാതെ മഴ ലഭിക്കുന്നുണ്ട്. അങ്ങിങ്ങ് ചെറിയ മണ്ണിടിച്ചിലും മരങ്ങൾ വീണതുമൊഴിച്ചാൽ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് ജില്ലയിൽ മഞ്ഞ അലേർട്ടാണ് പ്റഖ്യാപിച്ചിരിക്കുന്നത്.
ഡാമിലെ ജലനിരപ്പ് ഉയരുന്നു
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 1.41 അടി കൂടി ഉയർന്ന് 2311.38 അടിയിലെത്തി. കഴിഞ്ഞ വർഷമിത് 2384.66 അടിയാണ്. സംഭരണശേഷിയുടെ 17.43 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. 49.6 മില്ലിമീറ്റർ മഴയാണ് ഇന്നലെ രാവിലെ ഏഴ് വരെയുള്ള 24 മണിക്കൂറിൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ലഭിച്ചത്. 26.837 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള ജലമാണ് അണക്കെട്ടിൽ ഒഴുകിയെത്തിയത്. എന്നാൽ മൂലമറ്റം പവർ ഹൗസിലെ വൈദ്യുതോൽപ്പാദനം 1.41 ദശലക്ഷം യൂണിറ്റായി കുറച്ചു. ചെറുകിട പദ്ധതികളിൽ പരമാവധി ഉത്പ്പാദനം നടത്തി വലിയ പദ്ധതികളിൽ കൂടുതൽ വെള്ളം സംഭരിക്കുകയെന്നതാണ് ഇപ്പോൾ കെ.എസ്.ഇ.ബിയുടെ ലക്ഷ്യം. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 113.6 അടിയായി.
മഴയുടെ അളവ്
ഇന്നലെ ജില്ലയിൽ 52.96 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മഴയുടെ കണക്ക് താലൂക്ക് തിരിച്ച്:
തൊടുപുഴ- 67.4 മില്ലിമീറ്റർ
പീരുമേട്- 73
ദേവികുളം- 54
ഇടുക്കി- 49.4
ഉടുമ്പഞ്ചോല- 21