മറയൂർ: കാർഷികാവശ്യങ്ങൾക്ക് വേണ്ടി വെള്ളം കൊണ്ടു പോകുന്ന കനാലിന് കേടുപാട് വരുത്തി തടി കടത്തുന്നതായി പരാതി. . പാമ്പാറ്റിൽ നിന്നും തലയാർ വലതു കനാലിലൂടെയാണ് പല മേഖലകളിലേക്കും കൃഷിയ്ക്ക് വെള്ളമെത്തിക്കുന്നത്. മറയൂർ, കാന്തല്ലൂർ മേഖലകളിൽ തടിവെട്ട് ആരംഭിച്ചതോടെ ചിന്നവര ഭാഗത്തുള്ള ഗ്രാന്റീസ്, ചൗക്ക മരങ്ങൾ മുറിച്ച് തലച്ചുമടായി കൊണ്ടുവരാതെ എളുപ്പത്തിന് വേണ്ടി കനാലിൽ വെള്ളം തുറന്നു വിട്ടാണ് തടി ഒഴുക്കുന്നത്. രണ്ടു കിലോമീറ്ററോളം അകലെ വാഹനത്തിൽ കയറ്റാൻ കഴിയുന്ന സ്ഥലം വരെ ഒഴുക്കും. ശക്തമായ ഒഴുക്കിൽ വരുന്ന തടികൾ കനാലിന്റെ വശങ്ങളിൽ ഇടിച്ച് പല ഭാഗത്തും തകർന്നു കഴിഞ്ഞു. അടയ്ക്കാ വിളവെടുപ്പ് ആരംഭിച്ചതു മുതൽ അടയ്ക്കാ തോട്ടങ്ങളിൽ നിന്നും അടയ്ക്കാമോഷണം നടത്തി ചാക്കിലാക്കി കടത്തുന്നതും ഈ കനാൽവെള്ളത്തിലൂടെയാണെന്ന് നാട്ടുകാർ പറയുന്നു. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ ആനക്കാൽ പ്പെട്ടി, ചിന്നവര, ചാനൽ മേട്, മിഷ്യൻ വയൽ, മൈക്കിൾ ഗിരി എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ ആണ് തലയാർ വലതു കനാലിലൂടെ വെള്ളമെത്തിക്കുന്നത്. കഴിഞ്ഞവർഷം രണ്ടര കോടി രൂപ ചിലവഴിച്ചാണ് കനാലിന്റെ അറ്റകുറ്റപ്പണി നടത്തിയത്. കനാൽ തകർത്തു കൊണ്ടുള്ള തടികടത്ത് അവസാനിപ്പിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നൂറുകണക്കിന് കർഷകർ ഒപ്പിട്ട പരാതി സമർപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാരും കർഷകരും.

മുമ്പ് ചിലർ കനാലിലൂടെ തടിയും അടയ്ക്കയും കടത്തുന്നത് ശ്രദ്ധയിൽപ്പെടുകയും മുന്നറിയിപ്പ് കൊടുത്തുവെന്നും . വീണ്ടും കടത്ത് തുടരുന്നതിനാൽ മറയൂർ പഞ്ചായത്തിലും പൊലീസിലും പരാതി നല്കുമെന്ന്മൈനർ ഇറിഗേഷൻ അധികൃതർ അറിയിച്ചു.