adukkala
ഒറ്റയാൻ തകർത്ത എസ്റ്റേറ്റ് കെട്ടിടത്തിലെ അടുക്കള.

മറയൂർ: മൂന്നാർ പഞ്ചായത്തിൽ ചട്ട മൂന്നാർ വയക്കടവ് എസ്റ്റേറ്റ് കെട്ടിടത്തിലെ അടുക്കള തകർത്തു. നോട്ടക്കാരൻ ഒറ്റയാന്റെ ആക്രമണത്തിൽ നിന്നും തേയില ചെടികൾക്കിടയിലൂടെ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8 മണിക്കാണ് കല്ലറക്കൽ മറിയാമ്മ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിൽ ഒറ്റയാൻ എത്തിയത്. വീടിന്റെ പിൻവശത്ത് എത്തിയ ഒറ്റയാൻ അടുക്കളയുടെ മതിൽ തകർത്തു. കുടിവെള്ള പൈപ്പുകളും വാതിലും തകർത്തു.ശബ്ദം കേട്ട് ഓടിയെത്തിയ മേൽനോട്ടക്കാരൻ ചട്ട മൂന്നാർ സ്വദേശി മുത്തയ്യ ഒറ്റയാന്റെ മുന്നിൽപ്പെട്ടെങ്കിലും തിരിഞ്ഞ് തേയില ചെടികൾക്കിടയിലൂടെ പാമ്പാറിന് കുറുകെയുള്ള ആട്ടുപാലത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. മുറിക്കകത്തുണ്ടായിരുന്ന സാധനങ്ങളും തുണികളും പുറത്തെടുത്ത് വിതറിയിരിക്കുകയാണ്. ചുറ്റുമുള്ള പേര മരങ്ങളും, മുളകളും ഒറ്റയാൻ നശിപ്പിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി തേയില തോട്ടങ്ങളിൽ കാട്ടാനകൾ ഒറ്റയ്ക്കും കൂട്ടവുമായി നിലയുറപ്പിച്ചിരിക്കുകയാണ്. പകൽ സമയങ്ങളിൽ പോലും കാട്ടാനകൾ എത്തുന്നത് തൊഴിലാളികളിൽ ഭീതി പടർത്തുന്നുണ്ട്.