മറയൂർ: സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോയിൽ ബൈക്ക് ഇടിച്ച് കയറി നാല് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്ക്. പയസ് നഗറിൽ നിന്നും നാല് വിദ്യാർത്ഥികളുമായി വന്ന ഓട്ടോ മറയൂരിലെ യു.പി സ്‌കൂളിലേക്ക് തിരിക്കാൻ ശ്രമിക്കുമ്പോഴാണ് മറയൂർ ഭാഗത്ത് നിന്ന് പെട്രോൾ അടിക്കാനായി ബാബുനഗർ ഭാഗത്തേക്ക് പോവുകയായിരുന്ന പൾസർ ബൈക്ക് ഓട്ടോയിൽ ഇടിച്ച് കയറിയത്. മറയൂർ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർത്ഥികളായ അഭിനന്ദ് (8), ദേവപ്രകാശ് (9), ആദർശ് (11), പാർവതി (11) സ്‌കൂളിലെ അധ്യാപിക ആൻസമ്മ (41) ഓട്ടോ ഡ്രൈവറും പയസ് നഗർ പേരൂർ വീട്ടിൽ ഷേക്സ്പിയർ (38) ബൈക്ക് യാത്രക്കാരനായ മറയൂർ ചാനൽ മേട് സ്വദേശി ജയകുമാർ (27) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരും അദ്ധ്യാപകരും ചേർന്ന് മറയൂരിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകി. ബൈക്ക് യാത്രികനായ ജയകുമാറിന്റെ കൈക്കും നടുവിനും സാരമായ പരിക്കേറ്റതിനാൽ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരുടെ പരിക്കുകകൾ ഗുരുതരമല്ല. മറയൂർ അഡീഷണൽ എസ്. ഐ വി എം മജീദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് വാഹനങ്ങൾ മാറ്റി.