ഇടുക്കി : അനധികൃത പന്നിഫാമുകൾ അടച്ചു പൂട്ടുമെന്ന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി ചെയർമാൻ ദിനേശൻ എം.പിള്ള പറഞ്ഞു. ആവശ്യമെങ്കിൽ ഹൈക്കോടതിയുടെ സഹായം തേടുമെന്നും ചെയർമാൻ അറിയിച്ചു. മഴുവടി കോളനിയിലെ ഫാമുകൾ പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കഞ്ഞിക്കുഴി പഞ്ചായത്തിലെ മഴുവഴി പട്ടികവർഗ്ഗ കോളനിയിൽ അനധികൃത പന്നിഫാമുകൾ നടത്തുന്നത് കോളനിക്കാർക്ക് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി ക്ക് പരാതി ലഭിച്ചിരുന്നു ഈ പരാതി പ്രകാരം അന്വേഷിക്കാനെത്തിയതായിരുന്നു ദിനേശൻ എം. പിള്ള. നിയമപരമായ രേഖകൾ ഹാജരാക്കി അനുമതി നേടാത്ത ഫാമുകൾ അടച്ചു പൂട്ടുമെന്നും ഇതിനായി അവശ്യമെങ്കിൽ ഹൈക്കോടതിയുടെ സഹായം തേടുമെന്നും പരിശോധനക്ക് ശേഷം അദ്ദേഹം പറഞ്ഞു. പരിശോധനയിൽ കൃത്യവിലോപം ബോദ്ധ്യപ്പെട്ടതായും നാട്ടുകാരുടെ പരാതിയിൽ കഴമ്പുണ്ടെന്നും പറഞ്ഞ ജസ്റ്റീസ് അടുത്തു തന്നെ ഒരു യോഗം കൂടി മഴുവടിയിൽ വിളിച്ചു ചേർക്കുമെന്നും അറിയിച്ചു.