തൊടുപുഴ: സംസ്ഥാന സിവിൽ സർവ്വീസിലെ ഏറ്റവും താഴെ തട്ടിലുള്ള വിഭാഗമായ കാഷ്വൽ ജീവനക്കാരുടെ വിവിധ ആവശ്യമുന്നയിച്ച് കേരള എൻ ജി ഒ യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മുതൽ കളക്ടറേറ്റ് പടിക്കൽ കൂട്ടധർണ്ണ നടത്തും. സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതി ആവശ്യത്തിനായി ആരംഭിച്ച ആഫീസുകൾ പദ്ധതി പ്രവർത്തനം പൂർത്തിയാക്കമ്പോൾ നിർത്തലാക്കുകയോ പുതിയ കേന്ദ്രത്തിലേയ്ക്ക് മാറ്റപ്പെടുകയോ ചെയ്യാറുണ്ട്.ഇത്തരത്തിൽ മാറ്റപ്പെടമ്പോൾ കാഷ്വൽ ജീവനക്കാരെ പുനർവിന്യസിക്കാത്തത് മൂലം അവരുടെ തൊഴിൽ നഷ്ടമാകുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തിൽ എല്ലാ കാഷ്വൽ സ്വീപ്പർ മാരെയും പാർട്ട് ടൈം സ്വീപ്പർമാരായി നിയമിക്കുക, സ്ഥാപന ക്രമീകരണത്തിന്റെ ഭാഗമായി പുറത്താവുന്ന കാഷ്വൽ സ്വീപ്പർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുക എന്നീ മുദ്രാവാക്യമുന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്യും. മുഴുവൻ കാഷ്വൽ സ്വീപ്പർമാരും പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ അഭ്യർത്ഥിച്ചു