തൊടുപുഴ : കാഡ്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പച്ചക്കുടുക്ക പദ്ധതിക്ക് ഉടുമ്പന്നൂർ സെന്റ് ജോർജ്ജ് സ്കൂളിലും കരിമണ്ണൂർ സെന്റ് ജോസഫ് ഹൈസ്കൂളിലും ഇന്ന് തുടക്കമാകും. കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുക,​ കാർഷിക വിപണനത്തിലൂടെ സാമ്പാദ്യശീലം വർദ്ധിപ്പിക്കുക,​ ജൈവ കാർഷികോൽപ്പന്നങ്ങൾ സംഭരിച്ച് വിപണിയിൽ എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. രാവിലെ 10 ന് ഉടുമ്പന്നൂർ സ്കൂളിൽ ചേരുന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവൻ ഉദ്ഘാടനം ചെയ്യും. 11.30 ന് കരിമണ്ണൂർ സ്കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം പ‌ഞ്ചായത്ത് പ്രസിഡന്റ് സി.ദേവസ്യ ദേവസ്യ നിർവഹിക്കും. ഓരോ സ്കൂളിലും 50 വീതം കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീടുകളിലെ ഉപയോഗത്തിന് ശേഷം മിച്ചം വരുന്ന പച്ചക്കറികൾ ,​ പഴങ്ങൾ ,​ മറ്റ് കാർഷികോൽപ്പന്നങ്ങൾ എന്നിവ സംഭരിക്കുന്നതിലൂടെ ഓരോ വിദ്യാലയത്തിലെയും കുട്ടികൾക്ക് പ്രതിവർഷം രണ്ട് ലക്ഷം രൂപാ കിട്ടത്തക്ക രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 20 സ്കൂളുകളിലാണ് ഈ വർഷം പച്ചക്കുടുക്ക പദ്ധതി നടപ്പാക്കുന്നത്.