രാജാക്കാട് : പൂപ്പാറ മുള്ളൻതണ്ടിൽ വീടിനുള്ളിൽ സ്വയം വെടിയുതിർത്ത് മരിച്ച കാക്കുന്നേൽ സന്തോഷ്(46) ന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. തിങ്കളാഴ്ച്ച വൈകിട്ട് നാലരയോടെയാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്കുകൊണ്ട് സ്വയം വെടിവച്ചത്. പറമ്പിൽ പണിയുകയായിരുന്ന ഭാര്യ രജനിയും, മകൻ അർജ്ജുനും,സമീപവാസികളും ശബ്ദം കേട്ട് എത്തിയപ്പോൾ ചോരയൊഴുക്കി നിലത്ത് കിടക്കുന്ന സന്തോഷിനെയാണ് കണ്ടത്. എല്ലാവരും ചേർന്ന് രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയ മൃദേഹം ഇൻക്വസ്റ്റിന് ശേഷം ഇന്നലെ ഉച്ചയോടെയാണ് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയത്. കോട്ടയം യൂണിറ്റിലെ ഫോറൻസിക് വിദഗ്ധർ എത്തി സന്തോഷിന്റെ മൃദേഹവും, വീടും പരിശോധിച്ചു. ജില്ലാ വിരലടയാള വിദഗ്ധൻ ടി.ജി സനൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തോക്കിന്റെ പാത്തിയിലെയും കാഞ്ചിയിലെയും അടക്കമുള്ള വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്. നിറച്ച നാടൻതോക്ക് നിലത്ത് കുത്തിപ്പിടിച്ച ശേഷം കുഴൽ കഴുത്തിൽ ചേർത്തുപിടിച്ച് കാൽവിരൽകൊണ്ട് കാഞ്ചി അമർത്തി വെടി ഉതിർത്തു എന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ മറ്റാരുടെയും ഇടപെടൽ ഉണ്ടായതായി കരുതുന്നില്ല. വെടിയുണ്ട തറച്ച് കണ്ണ് തകർന്നിട്ടുണ്ട്. കഴുത്തിലും ആഴമേറിയ മുറിവുണ്ട്. തോക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിന് ലൈസൻസ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരത്തിൽ നിന്നും വീണ് നട്ടെല്ലിന് പരിക്കേറ്റ സന്തോഷ് ഒരു മാസത്തെ ചികിൽസ്യ്ക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ച്ച വീട്ടിൽ നിന്നും പുറത്തുപോയി മടങ്ങി വന്നശേഷം ഏറെ നേരം കഴിയും മുൻപേയാണ് വെടിയുതിർത്തത്. സ്വന്തമായി 23 സെന്റ് സ്ഥലം ഉള്ളതിനു പുറമെ പാട്ടത്തിനെടുത്തും കൃഷി ചെയ്തിരുന്നു. ഐ.ഡി.സി.ബിയിൽ നിന്നും മൂന്ന് ലക്ഷത്തോളം രൂപ വായ്പ്പയെടുത്തിട്ടുണ്ട്. ചികിൽസയ്ക്കും മറ്റുമായി പലരിൽ നിന്നും പണം കടം വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും ആത്മഹത്യയിലേയ്ക്ക് നയിക്കാൻ തക്ക കാരണങ്ങളല്ലെന്നാണ് അയൽക്കാർ പറയുന്നത്.