ചെറുതോണി: വാഴത്തോപ്പ് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ തിരിച്ചറിയൽകാർഡ് നൽകുന്നതിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി യു. ഡി. എഫ് വാഴത്തോപ്പ് മണ്ഡലം കമ്മറ്റി ആരോപിച്ചു. 28 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നതായി വിജ്ഞാപനം ചെയ്തിട്ടുള്ളത്. ഇന്ന് വരെയാണ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽകാർഡ് വിതരണം ചെയ്യുകയുള്ളു. എൻജിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ വിദ്യാർത്ഥികളുടെ വ്യാജ അംഗത്വകാർഡുപോലും വിതരണം ചെയ്തിട്ടും യു.ഡി.എഫ് കാരായ അംഗങ്ങൾക്ക് അപേക്ഷ നൽകി ഒരാഴ്ച്ചയായിട്ടും കാർഡ് വിതരണം ചെയ്യുന്നതിന് മനപ്പൂർവ്വമായ കാലതാമസം വരുത്തുന്നതായി യോഗം ആരോപിച്ചു. തെരഞ്ഞെടുപ്പിൽ കാർഡ് വിതരണം അട്ടിമറിച്ച് ബാങ്ക് ഭരണം പിടിച്ചെടുക്കാനുള്ള ഇടതുപക്ഷത്തിന്റെ നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കാർഡു വിതരണത്തിൽ ക്രമക്കേട് തുടർന്നാൽ ബാങ്ക് ഓഫീസ് ഉപരോധിക്കാൻ വാഴത്തോപ്പിൽ ചേർന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു. മണ്ഡലം ചെയർമാൻ റോയി കൊച്ചുപുര അദ്ധ്യക്ഷത വഹിച്ചു. എ.പി ഉസ്മാൻ, എൻ പുരുഷോത്തമൻ, എ.ഒ അഗസ്റ്റിൻ, ജോസ് കുഴികണ്ടം, പി.ഡി ജോസഫ്, ജോയി വർഗീസ്, മുഹമ്മദ് പനച്ചിക്കൽ, ഷിജോ തടത്തിൽ, സന്തോഷ് കുറിച്ചിയിൽ, സി.പി സലീം, ശശികല രാജു, സാലി ബാബു, ജോഷി പയസ്, സി.കെ ജോയി തുടങ്ങിയവർ പ്രസംഗിച്ചു.