ചെറുതോണി: പദ്ധതികൾ പലതുണ്ടെങ്കിലും വാഴത്തോപ്പ് പഞ്ചായത്തിലെ നിർധന കുടുംബങ്ങൾക്ക് സുരക്ഷിതമായ വീട് ഇനിയും ലഭിച്ചിട്ടില്ല. വാഴത്തോപ്പ്, മണിയാറൻകുടി , പെരുങ്കാല മേഖലയിലെ നിരവധി കുടുംബങ്ങളാണ് കാലപ്പഴക്കത്തിൽ തകർന്നു വീഴാറായ വീടുകളിൽ കഴിയുന്നത്. ലൈഫ്, കെയർ ഹോം, കേന്ദ്ര സർക്കാർ പദ്ധതികൾ തുടങ്ങി നിരവധി ഭവനപദ്ധതികൾ നടപ്പാക്കി വരുമ്പോഴും കാലങ്ങളായി ഓഫീസുകളിൽ കയറി ഇറങ്ങിയിട്ടും വാസയോഗ്യമായ വീട് ലഭിക്കാത്ത നിരവധി പേരാണ് വാഴത്തോപ്പ് പഞ്ചായത്തിലുള്ളത്. കാലങ്ങൾക്ക് മുൻപ് നിർമ്മിച്ച പല വീടുകളും മൺഭിത്തി പൊട്ടിക്കീറിയും ,തടിയിൽ തീർത്ത മേൽക്കൂര ചിതലരിച്ചും ഏതു നിമിഷവും നിലംപൊത്താറായ നിലയിലാണ്. കാലവർഷം ആരംഭിച്ചപ്പോൾ തന്നെ പല വീടുകളും അപകടാവസ്ഥയിലായി. മണിയാറൻകുടിയിൽ താമസക്കാരനായ തയ്യിൽ ജോഷിയുടെ വീട് തകർന്നുവീണ് ജോഷിക്ക് പരിക്കേറ്റതും രണ്ടു ദിവസം മുമ്പാണ്. മണിയാറൻകുടി, പെരുങ്കാല, വട്ടമേട്, ആനക്കൊമ്പ്, പകിട്ടാൻ, ചെമ്പകപ്പാറ, പ്ലാവിൻചുവട്, ഭാഗങ്ങളിൽ താമസിക്കുന്ന നിരവധി ആദിവാസികളും അപകടാവസ്ഥയിലായ വീടുകളിലാണ് താമസിക്കുന്നത്. നിരവധി തവണ വീടിനായി പഞ്ചായത്തിലും വില്ലേജിലും അപേക്ഷ നലകിയെങ്കിലും പരിഗണിച്ചില്ലന്ന് ഇവർ പറയുന്നു. മേൽക്കൂര ദ്രവിച്ച് വീടുകൾ നനയുന്നതിനാൽ പല വീടുകളുടെ മുകളിലും പടുത വലിച്ചുകെട്ടിയിട്ടുണ്ടെങ്കിലും അമിതമായ കാറ്റുവരുന്നതിനാൽ നനയുന്നതായും താമസക്കാർ പറയുന്നു. പല വീടുകളിലും പാത്രങ്ങൾ നിരത്തി വച്ചാണ് മഴവള്ളത്തിൽ നിന്നു രക്ഷപെടുന്നത്. പുറമേ ഭംഗിയോടെ കാണുന്ന പല വീടുകളിലും രാത്രികാലങ്ങളിൽ വളരെ ഭീതിയോടെയാണ് ആളുകൾ അന്തിയുറങ്ങുന്നത്.