രാജാക്കാട് : ഉടുമ്പൻചോല കൂക്കലാറിൽ മകന്റെ മർദ്ദനത്തെത്തുർന്ന് പിതാവ് മരിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഉടുമ്പഞ്ചോല പൊലീസ് ഇതിനായി കോടതിയിൽ അപേക്ഷ നൽകി.
കൂക്കലാർ ചൂരക്കാട്ടിൽ ബിജു (44) ആണ് മരിച്ചത്. പിതാവിനെ മർദ്ദിച്ച കേസിൽ മകൻ ബിപിൻ (അപ്പു 20) പീരുമേട് സബ് ജയിലിൽ റിമാൻഡിലാണ്. 17 ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ മദ്യപിച്ച് വീട്ടിലെത്തിയ ബിപിൻ പിതാവുമായി വഴക്കുണ്ടാക്കുകയും വിറക് കമ്പുകൊണ്ട് കാൽ തല്ലിയൊടിക്കുകയുമായിരുന്നു. ദേഹമാസകലം പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജു ഇതോടെ ബൊധരഹിതനായി. ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായിരുന്നതിനാൽ മധുര രാജാജി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബിജുവിന്റെ പിതാവിന്റെ പരാതിയെത്തുടർന്ന് കേസെടുത്ത പൊലീസ് ബിപിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ചികിൽസയിലിരുന്ന ബിജു തിങ്കളാഴ്ച 12.45 ന് മരണമടഞ്ഞു. തലച്ചോറിൽ രക്തം കട്ട പിടിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടർന്ന് ബിപിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പോസ്റ്റ് മോർട്ടത്തിന് ശേഷം ബിജുവിന്റെ സംസ്‌കാരം നടത്തി.