രാജാക്കാട് : ജാഗ്രതാ നിർദേശം അതിര് വിട്ടു,നൂറുകണക്കിന് കുടുംബങ്ങൾ കയ്യിൽ കിട്ടിയവയുമായി സുരക്ഷാ സ്ഥാനങ്ങളിലേയ്ക്ക് മാറി. പാതിപോലും നിറയാത്ത കല്ലാർ ഡാമിലെ വെള്ളം തുറന്നുവിടുമെന്ന് അറിയിച്ചുകൊണ്ട് ജാഗ്രതാ നിർദ്ദേശം വന്നത്.അനാവശ്യമായ മുന്നറിയിപ്പായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവങ്ങൾ അരങ്ങേറിയത്.ജലനിരപ്പ് കുതിച്ചുയരുന്നു എന്ന വ്യാജ റിപ്പോർട്ട് നൽകി കല്ലാർ ഡൈവേർഷൻ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നുവിടാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ജില്ലാ കളക്ടറിൽ നിന്നും അനുമതി വാങ്ങി. ഇതിന് ശേഷമാണ് മുന്നറിയിപ്പ് പുറത്തുവിട്ടത്. ഡാം തുറന്നുവിടുന്നു എന്ന് അപ്രതീക്ഷിതമായി അറിഞ്ഞ് ബഥേൽ, ചിന്നാർ, തൂവൽ മേഖലകളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ഭീതിയിലായത്. അണക്കെട്ടിൽ പാതിപോലും വെള്ളമില്ലാത്തപ്പോഴാണ് ജില്ലയിലെ റെഡ് അലർട്ടിന്റെ മറവിൽ ഉദ്യോഗസ്ഥർ ജനങ്ങളെ ആശങ്കയിലാക്കിയത്. കാലവർഷം ശക്തമായതോടെ അണക്കെട്ടിലെ ജലനിരപ്പ് പരമാവധിയിലേയ്ക്ക് അടുക്കുന്നതിനാൽ ഷട്ടറുകൾ തുറന്നുവിടുന്നതിനുള്ള അനുമതിക്കായി റിസർച്ച് ആൻഡ് ഡാം സേഫ്ടി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറാണ് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയത്.എന്നാൽ ഡാം സേഫ്ടി വിഭാഗം പോലും ഇത്തരമൊരു നിക്കം അറിഞ്ഞിരുന്നില്ല. അപേക്ഷയുടെ അടിസ്ഥാനത്തിൽ രണ്ട് ഷട്ടറുകൾ ഉയർത്തി 20 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുക്കിവിടാൻ കളക്ടർ അനുമതി നൽകുകയും ചെയ്തു. ചിന്നാർ, തൂവൽ, പെരിഞ്ചാംകുട്ടി തുടങ്ങി താഴ് വാര പ്രദേശങ്ങളിൽ താമസക്കാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. മുന്നറിയിപ്പ് ലഭിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായി. താഴ് വാരങ്ങളിൽ താമസിക്കുന്നവർ മറ്റു സ്ഥലങ്ങളിലേക്ക് മാറുകയും ചെയ്തു. മുൻപ് ഡാം തുറന്നപ്പോഴൊക്കെ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതിനാലാണ് പലരും മാറിത്താമസിച്ചത്. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നുണ്ടെങ്കിലും കല്ലാർ പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. ഒഴുകിയെത്തുന്ന വെള്ളം ഡാമിലേക്ക് കയറാതെ ടണൽവഴി ഇരട്ടയാർ അണക്കെട്ടിലേക്കു പോകുകയാണ്. ഷട്ടറുകൾ ഉയർത്തിയാലും പുറത്തേക്ക് ഒഴുകാനുള്ള വെള്ളം നിലവിൽ ഡാമിലില്ല. ഇതൊന്നും നോക്കാതെയാണ് ഉദ്യോഗസ്ഥർ ഷട്ടർ തുറക്കാൻ അപേക്ഷ നൽകിയത്.
നടപടി സ്വീകരിക്കണം
വ്യാജ റിപ്പോർട്ട് നൽകിയവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരൻ ജില്ലാ കളക്ടർക്ക് പരാതി നൽകി.. റിസർച്ച് ആൻഡ് ഡാം സേഫ്ടി സബ് ഡിവിഷൻ എ.എക്സ്.ഇ ആണ് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയത്. ഡാം സേഫ്ടി വിഭാഗം പരിശോധന നടത്തിയിരുന്നില്ല. വ്യാജ റിപ്പോർട്ട് നൽകിയവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്.ആവശ്യപ്പെട്ടു.