തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷയിലുള്ള വിധി ഇന്ന്. കേസിലെ ഒന്നാം പ്രതി എസ്.ഐ: കെ.എ. സാബു, നാലാം പ്രതി സി.പി.ഒ സജീവ് ആന്റണി എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെക്ഷൻസ് കോടതി ഇന്നലെ പരിഗണിച്ചു. ഇരുവരുടെയും അഭിഭാഷകരുടെ വാദം ഇന്നലെ പൂർത്തിയായതിനെ തുടർന്നാണ് വിധി പറയാൻ ഇന്നത്തേയ്ക്ക് മാറ്റിയത്. രാജ്കുമാർ മരിച്ചത് പൊലീസ് കസ്റ്റഡിയിൽ അല്ലെന്ന് അഭിഭാഷകർ വാദിച്ചു. ഹരിത ഫിനാൻസ് തട്ടിപ്പു കേസിൽ രാജ് കുമാറിനെ ജൂൺ 16 നാണ് അറസ്ര്ര്ു ചെയ്തത്. തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിപ്പോൾ ഇടതു കാലിൽ മുറിവ് മാത്രമേയുള്ളു. ഇതിനു ശേഷം മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കിപ്പോഴും ആരോഗ്യനില തൃപ്തിയായിരുന്നു. ഇതോടെയാണ് പീരുമേട് ജയിലിലേയ്ക്ക് റിമാൻഡ് ചെയ്തത്. പിന്നീട് ജയിലിൽ വച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ന്യുമോണിയയാണ് മരണകാരണമെന്നും അഭിഭാഷകർ വാദിച്ചു. കഴിഞ്ഞ മൂന്നിനാണ് എസ്.ഐ സാബുവിനെയും സി.പി.ഒ സജീവ് ആന്റണിയെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇരുവരും ഇപ്പോൾ ദേവികുളം സബ് ജയിലിലാണ് റിമാൻഡിൽ കഴിയുന്നത്. അഭിഭാഷകരായ ജോസ് ജോർജ്, ബിജു പി.എസ് എന്നിവർ പ്രതികൾക്കു വേണ്ടി ഹാജരായി.