യുവതിയോട് മാനുഷിക പരിഗണന കാട്ടണമെന്ന് വനിതാ കമ്മീഷൻ
തൊടുപുഴ : മുൻഭർത്താവിന്റെ കടങ്ങൾ തീർക്കാത്തതിന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കേസിൽ കുരുങ്ങിയ യുവതിക്ക് സഹായവുമായി വനിതാ കമ്മീഷൻ. ഇടുക്കി പൊട്ടൻകാട് സ്വദേശിനിയായ യുവതിക്ക് അനുകൂലമായി മാനുഷിക സമീപനത്തോടെ നിയമ നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി.ജോസഫെയ്ൻ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് കത്ത് നൽകി. യുവതിയുടെ പേരിൽ മുൻ ഭർത്താവ് കണ്ണൂർ പയ്യന്നൂർ സ്വദേശി പവിത്രൻ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ നിന്നും 75000 രൂപ വായ്പയെടുത്തിരുന്നു. എന്നാൽ പിന്നീട് തിരിച്ചടക്കുകയുണ്ടായില്ല. സ്ഥാപനം പരാതിപ്പെട്ടപ്പോൾ 36000 രൂപ താൻ ജോലി ചെയ്ത് കിട്ടിയ ശമ്പളം കൊണ്ട് അടച്ചതായും വർഷങ്ങൾക്ക് ശേഷം വിവാഹമോചിതയായിട്ടും ഈ വായ്പ അടച്ചുതീർക്കേണ്ട സാഹചര്യമാണെന്നും കാണിച്ച് യുവതി വനിതാ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഒരു മകനുണ്ടായിട്ടും മകന്റെ ചെലവിനോ വായ്പ അടച്ചു തീർക്കുന്നതിനോ മുൻ ഭർത്താവ് പണം നൽകിയില്ല. സ്വകാര്യപണമിടപാട് സ്ഥാപനം ഇതിനിടെ പണം തിരിച്ചടക്കാത്തതിന് യുവതിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. യുവതി വിവാഹമോചിതയാണെന്നും സ്വന്തമായി വരുമാനമില്ലാത്തതിനാൽ പണം തിരിച്ചടക്കാൻ മാനുഷിക പരിഗണന നൽകണമെന്നും കമ്മീഷൻ കത്തിൽ ആവശ്യപ്പെട്ടു.