തൊടുപുഴ: കാർഷിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആത്മഹത്യകൾ ഏറെ നടന്ന ജില്ലയിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് പഠിക്കാനുള്ള നിയമസഭാ സമിതി മുമ്പാകെയെത്തിയത് വിരലിലെണ്ണാവുന്ന പരാതികൾ മാത്രം. കർഷകർ വായ്പ എടുത്തശേഷം തിരിച്ചടക്കാൻ സാധിക്കാതെവന്നതാണ് പല കാർഷിക ആത്മഹത്യകൾക്കും ഇടയാക്കിയതെങ്കിലും ഇതേക്കുറിച്ച് വേണ്ടത്ര വിവരങ്ങൾ ലഭ്യമാകാതിരുന്നതാണ് പരാതികൾ കുറയുന്നതിന് കാരണമായത്. ബാങ്കുകൾക്ക് അമിത അധികാരം നൽകുന്ന സർഫാസി നിയമത്തെ തുടർന്നുള്ള സ്ഥിതിവിശേഷം പഠിക്കുന്നതിനും നിയമത്തെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനുമായി കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗാണ് ഇന്നലെ . തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്നത്. ഒൻപത് പരാതികൾ മാത്രമാണ് ലഭിച്ചത്. കമ്മിറ്റി ചെയർമാൻ എസ് ശർമ്മയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വി ഡി സതീശൻ എം.എൽ.എ, ഇ. എസ് ബിജിമോൾ എം.എൽ.എ, ജില്ലാ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ തുടങ്ങിയവർ പങ്കെടുത്തു.
കാർഷിക കടാശ്വാസ കമ്മീഷൻ അനുവദിച്ച പണം ദേശസാത്കൃത ബാങ്കുകൾ അടക്കമുള്ള പല ബാങ്കുകളിൽ നിന്നും കർഷകർക്കും ലഭിക്കാതെ ഇരുന്ന സാഹചര്യത്തിൽ അടിയന്തരമായി ബാങ്കിംഗ് ഒംബുസ്മാന്റെ സഹായത്തോടെ കമ്മിറ്റി അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ബിജിമോൾ എം.എൽ.എ പറഞ്ഞു. മൊറൊട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലും നിബന്ധനകൾ എല്ലാം ലംഘിച്ച് കർഷകരോട് ബാങ്കുകൾ ക്രൂരമായി പെരുമാറുന്നതിനെ ഡിസ്ട്രിക്ട് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശോധിക്കേണ്ടതുണ്ടെന്നും സർഫാസിക്ക് വിധേയരായവർ എത്രയുണ്ടെന്നുള്ള കണക്ക് സംബന്ധിച്ച് കമ്മിറ്റിയെ അറിയിക്കണമെന്നും എം എൽ എ പറഞ്ഞു.
വിവിധ ബാങ്ക് ഉദ്യോഗസ്ഥർ, ഭൂമാഫിയ എന്നിവർ സർഫാസി നിയമം ദുരുപയോഗം ചെയ്യുന്ന സാഹചര്യം പരിശോധിക്കണം, പ്രളയം പ്രതികൂലമായി ബാധിച്ച ഇടുക്കി ജില്ലയിലെ ഹൈ റേഞ്ച് മേഖലയിൽ സുതാര്യമായി സിറ്റിംഗ് സംഘടിപ്പിക്കേണ്ടതുണ്ടായിരുന്നു, ബാങ്കുകളുടെ അനാവശ്യ പലിശ വർദ്ധനവിനെതിരെ കമ്മിറ്റി പരിശോധന ആവശ്യമാണ് തുടങ്ങിയ അഭിപ്രായങ്ങൾ യോഗത്തിൽ വിവിധ കർഷകർ കർഷക സംഘടന ഭാരവാഹികൾ, പൊതുജനങ്ങൾ തുടങ്ങിയവർ അഭിപ്രായപ്പെട്ടു.
സർഫാസി നിയമം
ധനകാര്യ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്ന നിയമമാണ് സർഫാസി . വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ, പ്രസ്തുത അക്കൗണ്ട് നോൺ പെർഫോമിങ് അസറ്റ് ആയി പ്രഖ്യാപിക്കാൻ ബാങ്കിന് സാധിക്കുന്നു. വായ്പ തിരിച്ചടക്കുന്നതിൽ മൂന്നു ഗഡുക്കൾ തുടർച്ചയായി വീഴ്ചവരുത്തിയാൽ ഈടായി നൽകിയ വസ്തു ബാങ്കിന് നേരിട്ടു പിടിച്ചെടുക്കാനും വിൽക്കാനും നിയമം അധികാരം നൽകുന്നു. ഈട് വസ്തു പിടിച്ചെടുക്കാൻ കോടതി ഉത്തരവ് വേണ്ട. വായ്പാ വസ്തുവിൽ നോട്ടീസ് പതിച്ച് ബാങ്കിന് ഏറ്റെടുക്കാം. കടമെടുത്തയാൾ 60 ദിവസത്തിനുള്ളിൽ പൂർണമായും തിരിച്ചടവ് നടത്തണമെന്ന് നോട്ടീസ് അയയ്ക്കാനും ബാങ്കിന് കഴിയും. നിശ്ചിത സമയപരിധിയിൽ കുടിശ്ശികസംഖ്യ പൂർണമായി തിരിച്ചടയ്ക്കാൻ സാധിച്ചില്ലെങ്കിൽ ബാങ്കിന് ജപ്തി നടപടികൾ സ്വീകരിക്കാം. കടമെടുത്തയാളിൽ നിന്ന് ജപ്തി മുഖാന്തരം സംഖ്യ ഈടാക്കാനായില്ലെങ്കിൽ, ജാമ്യക്കാരുടെ സ്ഥാവരജംഗമങ്ങൾ ജപ്തി ചെയ്യുന്നതിനും ബാങ്കിന് അധികാരമുണ്ടായിരിക്കും. ഒരു ലക്ഷത്തിൽ താഴെയുള്ള, വസ്തുഈട് നൽകാത്ത വായ്പക്കു മാത്രമാണ് നിയമം ബാധകമല്ലാത്തത്. തിരിച്ചടക്കേണ്ട തുക എടുത്ത വായ്പയുടെ ഇരുപതു ശതമാനത്തിൽ താഴെയാണെങ്കിലും നിയമം ബാധകമാകില്ല
"'വിവിധ ജില്ലകളിൽ കൂടി വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന സിറ്റിങ്ങുകൾക്ക് ശേഷം ആഗസ്റ്റിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. സർഫാസി നിയമം സംബന്ധിച്ചുള്ള നിർദേശങ്ങളോ പരാതികളോ ആർക്കും രേഖാമൂലം സെക്രട്ടറിയേറ്റിൽ നൽകുന്നതിനുള്ള സംവിധാനനമുണ്ട്". എസ്. ശർമ്മ എം. എൽ. എ