രാജാക്കാട്: കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ പ്രതികളായ പൊലീസുകാരെ വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ മണിക്കൂറുകളോളം വലഞ്ഞത് സാധാരണക്കാരായ രോഗികൾ. ചൊവ്വാഴ്ച രാത്രി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനമാണ് മണിക്കൂറുകളോളം അവതാളത്തിലായത്. രാത്രിയിൽ കൈകുഞ്ഞുങ്ങളുമായി ചികിത്സയ്ക്ക് എത്തിയവർ പോലും കാത്ത് നിന്ന് മടുത്തു. അറസ്റ്റിലായ എ.എസ്.ഐ റോയി പി വർഗീസ്, സി.പി.ഒ ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം. ജെയിംസ് എന്നിവരെയാണ് വൈദ്യപരിശോധനയ്ക്കായി രാത്രി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. ഈ സമയം അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണുണ്ടായിരുന്നത്. ക്രൈംബ്രാഞ്ച് സംഘം പ്രതികളുമായി എത്തിയതോടെ ഇവിടെ ചികിത്സയ്ക്കായി എത്തിയവരെ മാറ്റിനിറുത്തുകയായിരുന്നു. ഇതിൽ സ്ത്രീകളും കുട്ടികളും ഗർഭിണികളും ഉണ്ടായിരുന്നു. മാത്രമല്ല ക്രൈംബ്രാഞ്ചിന്റെ രണ്ട് വാഹനങ്ങൾ അത്യാഹിത വിഭാഗത്തിന്റെ മുൻവശത്ത് പാർക്ക് ചെയ്തതുമൂലം ഗതാഗത തടസവും നേരിട്ടു. ഏകദേശം രണ്ടര മണിക്കൂറോളം ഇതേ സ്ഥിതി തുടർന്നതോടെ ചികിത്സയ്ക്കായി എത്തിയവർ ബഹളം വച്ചു. തുടർന്നാണ് ഇവർക്ക് ചികിത്സ ലഭ്യമായത്. പ്രതികളെ പൊതുജനങ്ങളുടെയും മാദ്ധ്യമങ്ങളുടെയും മുമ്പിൽ കാണിക്കാതിരിക്കാനായി ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉള്ളതായി പറഞ്ഞ് ഒബ്‌സർവേഷനിലേക്ക് മാറ്റുകയും ചെയ്തു. 24 ഡോക്ടർമാരുള്ള ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണ് രാത്രിയിൽ ഡ്യൂട്ടിയിലുള്ളത്.