മുട്ടം : മുട്ടം വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനത്തിൽ നിന്നുള്ള മലിന ജലം തോട്ടിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് ലഭിച്ച പരാതിയെ തുടർന്ന് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചപ്പോഴാണ് വ്യവസായ സ്ഥാപനത്തിൽ നിന്നുള്ള മലിന ജലം തോട്ടിലെ വെള്ളത്തിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തിയത്. . സ്ഥാപനത്തിൽ നിന്നുണ്ടാവുന്ന മലിന ജലം ആദ്യം സ്ഥാപനത്തിനകത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ മാലിന്യ കുഴിയിൽ എത്തിക്കും. പിന്നീട് ഇവിടെ നിന്നും പുറത്ത് മുൻ വശത്തായി സ്ഥാപിച്ചിരിക്കുന്ന ചെറിയ മാലിന്യ കുഴിയിലൂടെയാണ് തോട്ടിലേക്ക് ഒഴുക്കുന്നത്. റോഡിന് സൈഡിലൂടെ നാല് ഇഞ്ച് വലുപ്പമുള്ള പി വി സി പൈപ്പ് സ്ഥാപിച്ചാണ് മലിന ജലം ഇവിടേക്ക് എത്തിക്കുന്നത്. മഴയത്തും രാത്രി കാലങ്ങളിലുമാണ് മാലിന്യ കുഴിയിൽ കെട്ടി കിടക്കുന്ന മലിന ജലം തോട്ടിലേക്ക് ഒഴുകുന്നതും. സ്ഥാപനത്തിനകത്തും പുറത്തും സ്ഥാപിച്ചിരിക്കുന്ന മാലിന്യ കുഴിയിൽ നിന്നും ശൗചാലയ ദുർഗന്ധവും ആസിഡിന്റെ ദുർഗന്ധവും പരക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. എന്നാൽ ടാങ്കിലെ വെള്ളത്തിൽ തൊഴിലാളികൾ കൈ കാലുകൾ കഴുകുന്നതിനാലാണ് ദുർഗന്ധം ഉണ്ടാവുന്നതെന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാർ പറഞ്ഞു. മലിന ജലം പൊതു ജല ശ്രോതസ്സിലേക്ക് ഒഴുക്കിയതിന് 25, 000 രൂപ നടത്തിപ്പുകാരിൽ നിന്ന് പിഴയടപ്പിച്ചെന്നും ഇവർക്കെതിരെ കേസ് നൽകുമെന്നും പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു. സ്ഥാപനം എട്ട് വർഷമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ നൂറോളം ആളുകൾ മൂന്ന് ഷിപ്റ്റിൽ ഇവിടെ ജോലി ചെയ്യുന്നതായും തീരെ ഇടുങ്ങിയതും വൃത്തിഹീനവുമായ സ്ഥലത്താണ് ഇവർ ഏവരും പണിയെടുക്കുന്നതും അന്തിയുറങ്ങുന്നതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിൽ വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകുമെന്ന് സബ് ജഡ്‌ജ്‌ ദിനേശ് എം പിള്ള പറഞ്ഞു. വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന മറ്റ് പതിമൂന്ന് സ്ഥാപനങ്ങളിലും വ്യവസായ എസ്റ്റേറ്റിന് സമീപത്ത് പ്രവർത്തിക്കുന്ന ഗവണ്മെന്റ് പൊളിടേക്ക്നിക്ക് കോളേജിന്റെ ആൺകുട്ടി കളുടെ ഹോസ്റ്റലിലും ഉദ്യോഗസ്ഥർ എത്തി സ്ഥിതി ഗതികൾ നിരീക്ഷിച്ചു. എന്നാൽ ഇവിടങ്ങളിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്താനായില്ല. പഞ്ചായത്ത്‌, പൊലീസ്, ആരോഗ്യം, വ്യവസായം, ഹരിത കേരള മിഷൻ വകുപ്പ് ഉദ്യോഗസ്ഥരും സബ് ജഡ്ജി നോടൊപ്പം സ്ഥലം സന്ദർശിച്ചു.