തൊടുപുഴ: കേന്ദ്രസർക്കാർ ജലശക്തി മന്ത്രാലയം വഴി നടത്തുന്ന ജലശക്തി അഭിയാൻ പദ്ധതിയിൽ ഇടുക്കിയെ കൂടി ഉൾപ്പെടുത്തണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെ സന്ദർശിച്ചാണ് പ്രത്യേക നിവേദനം നൽകിയത്. നിലവിൽ കേരളത്തിൽ നിന്ന് പാലക്കാടും കാസർഗോഡുമാണ് പ്രത്യേക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ജില്ലയിലെമ്പാടും പ്രകൃതിദുരന്തവും പ്രളയവും രൂക്ഷമായ കുടിവെള്ള പ്രശ്‌നമാണ് ഉണ്ടാക്കിയത്. കുടിവെള്ളത്തിന്റെ ഉറവിടം പോലും മാറിപോയ സ്ഥിതിയാണ് മിക്കവാറും ഇടങ്ങളിലുള്ളത്. അതിനാൽ തദ്ദേശഭരണ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തി കുടിവെള്ള പദ്ധതി നടപ്പിലാക്കണമെന്നും ഇടുക്കി ജില്ലയെ കൂടി പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഡീൻ ആവശ്യപ്പെട്ടു.