തൊടുപുഴ: ഐക്യമല അരയ മഹാസഭയുടെ ആഭിമുഖ്യത്തിൽ നാടുകാണിയിൽ ആരംഭിക്കുന്ന ട്രൈബൽ ആർട്സ് ആന്റ് സയൻസ് കോളേജിന്റെ മാസ്റ്റർ പ്ലാൻ പ്രകാശനവും നിക്ഷേപകസംഗമവും 28ന് രാവിലെ 10ന് അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി എം.എം. മണി മാസ്റ്റർപ്ലാൻ പ്രകാശനം നിർവഹിക്കും. സഭാ പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ അദ്ധ്യക്ഷനാകും. സഭാ ജനറൽ സെക്രട്ടറി പി.കെ. സജീവ് ആമുഖപ്രഭാഷണം നടത്തും. മലഅരയ എഡ്യുക്കേഷണൽ (എം.ഇ.ടി) ചെയർമാൻ കെ.ആർ. ഗംഗാധരൻ വിഷയാവതരണം നടത്തും. സ്പോർട്സ് കൗൺസിൽ സംസ്ഥാന സമിതിയംഗം കെ.എൽ. ജോസഫ് കോളേജിന്റെ ബ്രോഷർ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു കെ. ചന്ദ്രൻ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ വിദ്യാ‌ർത്ഥികൾക്ക് സിവിൽ സർവീസ് പഠനസഹായം നൽകും. കോളേജിന് വേണ്ടി നാടുകാണിയിൽ അഞ്ച് ഏക്കർ സ്ഥലം സഭ വാങ്ങിയിട്ടുണ്ട്. ആറുമാസത്തിനുള്ളിൽ പ്രകൃതി സൗഹൃദ കോളേജ് മന്ദിരം നിർമിക്കും. വാർത്താസമ്മേളനത്തിൽ സഭാ പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ, ജില്ലാ സെക്രട്ടറി എം.കെ. സജി, വനിതാ സംഘടനാ പ്രസിഡന്റ് കരിഷ്മ അജേഷ്‌കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എൻ. കൃഷ്ണൻ, പി.എസ്. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.