മുട്ടം: കുടയത്തൂരിൽ പ്രവർത്തിക്കുന്ന നിർഭയ ഷെൽട്ടർ ഹോമിലെ വിദ്യാർത്ഥിനിയെ ഇന്നലെ രാവിലെ മുതൽ കാണാതായി.പ്ലസ് ടു വിന് പഠിക്കുന്ന കട്ടപ്പന സ്വദേശിനി കുടയത്തൂരിൽ നിന്നും നിർഭയയിലെ അധികൃതരോടൊപ്പം മുട്ടം ഗവ:ഹയർ സെക്കന്ററി സ്കൂളിൽ പരീക്ഷ എഴുതാൻ എത്തിയതായിരുന്നു . പിന്നീട് സ്കൂളിൽ ഹാജരായിട്ടില്ലായെന്ന് സ്കൂൾ അധികൃതർ നിർഭയ അധികൃതരെ അറിയിക്കുകയായിരുന്നു. കുട്ടിയെ സ്കൂളിൽ എത്തിച്ചതിനു ശേഷമാണ് തിരികെ പോന്നത് എന്നാണ് നിർഭയയിലെ ജീവനക്കാരി മുട്ടംപൊലീസിനോട് പറഞ്ഞത്. ഇതു സംബന്ധിച്ച് നിർഭയ അധികൃതർ മുട്ടം പൊലീസിൽ പരാതി നൽകി. വീട്ടിലെ മോശം സാഹചര്യം മൂലം ജീവിതം വഴിമുട്ടിയ പെൺകുട്ടികളാണ് നിർഭയയിൽ ഉള്ളത്. വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ മുട്ടം പൊലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു.