medicine
പതിനാറാംകണ്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ നശിപ്പിച്ച നിലയിൽ

ചെറുതോണി: സർക്കാരാശുപത്രിയിൽ ലക്ഷങ്ങളുടെ മരുന്നുകൾ നശിപ്പിച്ച നിലയിൽ. വാത്തിക്കുടി പഞ്ചായത്തിലെ പതിനാറാംകണ്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലാണ് മരുന്നുകൾ നശിപ്പിച്ചത്. സർക്കാരാശുപത്രികളിൽ ബാക്കിയാകുന്ന മരുന്നുകൾ കാലാവധി തീരുംമുമ്പെ സ്‌റ്റോറിൽ തിരികെ ഏല്പിക്കണമെന്ന വ്യവസ്ഥ നിലനില്ക്കുമ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി സർക്കാരാശുപത്രികളിൽ മരുന്നുകളുടെ അപര്യാപ്തത മൂലം രോഗികൾ വലയുമ്പോഴാണ് ഇവിടെ മരുന്ന് നശിപ്പിക്കൽ നടന്നത്.ആശുപത്രികളിൽ നൽകുന്ന മരുന്നുകൾ കംമ്പ്യൂട്ടറിൽ ഉൾപ്പെടുത്തുന്നതിനാൽ മരുന്നിന്റെ സ്‌റ്റോക്കും കാലാവധിയും അറിയാൻ കഴിയും. ഏതെങ്കിലും ആശുപത്രിയിൽ കൂടുതൽമരുന്നുകൾ ചിലവാകാതിരുന്നാൽ സ്‌റ്റോറിലേയ്ക്ക് തരിച്ചേൽപിക്കണമെന്നാണ് നിയമം.പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗങ്ങളിൽ ഇതിന് മുമ്പും പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെയുള്ളവർ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും ചില അതൊന്നും പ്രാവർത്തികമായില്ല.. നിലവിൽ രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകുന്നില്ലന്നും പരാതിയുണ്ട്. ബ്ലോക്ക് പഞ്ചായത്താണ് ആശുപത്രിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. എന്നാൽ ബന്ധപ്പെട്ടവർ ഇത് സംബന്ധിച്ച് അന്വേഷിക്കുന്നില്ലന്നും നാട്ടുകാർ പറയുന്നു. പാരസെറ്റമോൾ ആംപ്യൂളുകൾ, ഗ്ളൂക്കോസ്, സോഡിയം തുടങ്ങിയ കെട്ടുകണക്കിനു മരുന്നുകളാണ് ആശുപത്രിയുടെ മുകളിലുള്ള മുറിയിൽ നശിപ്പിച്ച നിലയിൽ കിടക്കുന്നതു. മരുന്നുനശിപ്പിച്ചതിനെതിരെ ആരോഗ്യ മന്ത്രി, ഡി.എംഒ, എന്നിവർക്ക് പരാതി നൽകുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജു പറഞ്ഞു.

ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികൾക്ക് നൽകേണ്ട ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് നശിപ്പിച്ച ആശുപത്രി ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് എച്ച്.എം.സി മെമ്പർ മനോഹരൻ ആവശ്യപ്പെട്ടു.