തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഇടുക്കി മുൻ എസ്.പിയെയും ഡിവൈ.എസ്.പിയെയും ചോദ്യം ചെയ്യണമെന്ന് തൊടുപുഴ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. കേസിലെ ഒന്നും നാലും പ്രതികളായ എസ്.ഐ കെ.എ. സാബുവിന്റെയും സി.പി.ഒ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പരാമർശമുള്ളത്.
രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതുൾപ്പെടെ എല്ലാ കാര്യങ്ങളും എസ്.പിയും ഡിവൈ.എസ്.പിയുമടക്കമുള്ള മേലുദ്യോഗസ്ഥരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കെ.എ. സാബുവിന്റെ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. ഈ ആരോപണം അന്വേഷിക്കാനാണ് കോടതി നിർദ്ദേശിച്ചത്. ആരോപണ വിധേയരായ ഉന്നതോദ്യോഗസ്ഥരെ ചോദ്യം ചെയ്യണം. സാധിക്കുന്ന എല്ലാ തെളിവുകളും ശേഖരിക്കണം. കേസിൽ ഉന്നതർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണം തടസപ്പെടുമെന്നും ഉത്തരവിൽ പറയുന്നു.