കുമളി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്തത്തിൽ ബഡ്‌സ് ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അജേഷ് റ്റി.ജി നിർവഹിച്ചു. കുട്ടികളിൽ നിന്നും സീഡ് പേനകൾ ഡി.ഡി.യു.ജി.കെ.വൈ സ്റ്റഡി സെന്റർകളിലേക്കായി മേടിച്ചാണ് വിപണന ഉദ്ഘാടനം നിർവഹിച്ചത്. കുമളി പഞ്ചായത്ത് മെമ്പർ ജെസ്സി റോബിൻ അദ്ധ്യക്ഷത വഹിച്ചു.
കുമളിയിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളാണ് ചെറുകിട സംരംഭം വഴി ഇവ നിർമ്മിച്ചിരിക്കുന്നത്. സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സ്വയം പര്യാപ്തം ആക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് സംരംഭം . കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കുടുംബശ്രീ, പ്രത്യാശ സംരഭം സംവിധാനത്തിൽ ഉൾപെടുത്തിയാണ് തനിമ, ഒരുമ,സ്വരുമ എന്ന പേരിൽ മൂന്ന് ചെറുകിട സംരംഭ യൂണിറ്റുകൾ സ്‌കൂളിൽ രൂപം നൽകിയിട്ടുള്ളത്. കുട നിർമാണത്തിനുള്ള പരിശീലനവും ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകിയിട്ടുൺ്. അതോടൊപ്പം പേപ്പർ,പേന,കുട,ചവിട്ടി, ഫിനോയിൽ,സോപ്പ് എന്നീ ഉൽപ്പന്നങ്ങളും ഇവരുടെ യൂണിറ്റുകളിൽ നിർമിക്കുന്നുണ്ട്. ഉല്പ്പന്നങ്ങൾ വിറ്റ് ലഭിക്കുന്ന ലാഭം കുട്ടികൾക്കായി തന്നെ വീതിച്ചു നൽകും. ജില്ലയിൽ ബഡ്‌സിന്റെ കീഴിൽ ഉടുമ്പൻചോലയിലും കുമളിയിലുമായി രണ്ട് സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ ദൈനംദിന ചിലവുകളെല്ലാം കുടുംബശ്രീയും പഞ്ചായത്തും സംയുക്തമായാണ് വഹിക്കുന്നത്.
യോഗത്തിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർജോസ് സ്റ്റീഫൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ ഇന്ദിര ,ജില്ലാ പ്രോഗ്രാം മാനേജർമാരായ ബിപിൻ കെ വി , അസർ ബിൻ ഇസ്മയിൽ, ഇന്ദിരാ സുബ്രഹ്മണ്യം, ഷൈബൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.