രാജാക്കാട് : ചതുരംഗപ്പാറയിലെ പാറമടയിൽ നിന്നും മോഷ്ടിച്ച സ്‌ഫോടക വസ്തുക്കളിൽ പകുതിഭാഗം പ്രദേശികമായി വിൽപ്പന നടത്തിയതായി കേസിലെ ഒന്നും രണ്ടും പ്രതികൾ സമ്മതിച്ചു. മോഷണക്കേസിൽ റിമാന്റിലായിരുന്ന ആദിയാർപുരം ചേരിക്കൽ രതീഷ് (34), സന്യാസിയോട പനക്കസിറ്റി പുത്തൻപുരക്കൽ സതീഷ് (35) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് കണ്ടുകിട്ടാനുള്ള സ്‌ഫോടകവസ്തുക്കൾ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇരുവരെയും ചതുരംഗപ്പാറയിലെ ക്വാറി, പ്രതികളുടെ വീട്, സ്‌ഫോടക വസ്തു വിൽപ്പന നടത്തിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച ഡിറ്റണേറ്ററും, ജലാറ്റിൻ സ്റ്റിക്കും വാങ്ങിയവർ പാറ ഖനനത്തിന് ഉപയോഗിച്ചതായാണ് വിവരം. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. പ്രതികളിൽ നിന്നും മോഷണം പോയതിൽ 50 ശതമാനം മോഷണ മുതലും കണ്ടെത്തിയിരുന്നു. കേസിൽ കോഴിക്കോട് പുളിക്കൽ അത്തൂർകുന്ന് ഈട്ടിപറമ്പിൽ വിശ്വനാഥൻ (50), ആദിയാർപുരം ചേരിക്കൽ ശ്രീജിത്ത് (27), തൂക്കുപാലം പാട്ടപറമ്പിൽ ഭദ്രൻ (63), ബാലഗ്രാം പുതുപുരക്കൽ ശശിധരൻ (51) എന്നിവർകൂടി അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് രതീഷിനെയും സതീഷിനെയും നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി പീരുമേട് സബ് ജയിലിൽ റിമാൻഡ് ചെയ്തു.