തൊടുപുഴ: നഗരത്തിലെ മീൻകടകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 30 കിലോയോളം പഴകിയ മത്സ്യം പിടികൂടി. നഗരസഭാ പരിധിയിലെ കടയിൽ നിന്നാണ് മത്തി, പിരിയാൻ പഴകിയ മീനുകൾ കണ്ടെത്തിയത്. പിഴയടയ്ക്കാൻ ആവശ്യപ്പെട്ട് കടയ്ക്ക് നോട്ടീസ് നൽകി. ലൈസൻസില്ലാതെ പ്രവ‌ർത്തിച്ചിരുന്ന ഒരു കടയ്ക്കും നോട്ടീസ് നൽകി. പഴകിയ മീനുകൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നശിപ്പിച്ചു. ഓപ്പേറേഷൻ സാഗർ റാണിയുടെ ഭാഗമായി ഇന്നലെ രാവിലെ 9.45 മുതൽ 12.30 വരെ വെങ്ങല്ലൂർ, മങ്ങാട്ടുകവല, മാവിൻചുവട് എന്നിവിടങ്ങളിലായിരുന്നു പരിശോധന. പഴകിയ മീനുകളല്ലാതെ അമ്മോണിയയോ ഫോർമാലിനോ ചേർത്ത മീനുകൾ പരിശോധനയിൽ കണ്ടെത്താനായില്ല. നേരത്തെ മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ അമ്മോണിയയും ഫോർമാലിനും കലർന്ന മത്സ്യം പിടികൂടിയിരുന്നു. ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലാ അസി. കമ്മിഷണർ ബെന്നി ജോസഫിന്റെ നിർദേശപ്രകാരം തൊടുപുഴ, ദേവികുളം ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ എം.എൻ. ഷംസിയയും സന്തോഷ്‌കുമാറുമാണ് പരിശോധന നടത്തിയത്.

പഴകിയ മീൻ പിടികൂടിയ കടയുടമയെ വിളിച്ചുവരുത്തി വിശദീകരണം കേൾക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പിഴതുക തീരുമാനിക്കും. വരുംദിവസങ്ങളിൽ ഹൈറേഞ്ച് മേഖലയിലടക്കം പരിശോധന തുടരും

- ബെന്നി ജോസഫ് (ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലാ അസി. കമ്മിഷണർ)