തൊടുപുഴ: കടന്ന് വരുമ്പോൾ ഒരു ബാങ്ക് തന്നെ എന്ന് തോന്നിപ്പോകും, എല്ലാം അത്രമാത്രം കൃത്യമായി ചെയ്തിട്ടുണ്ട്. ബ്രാഞ്ച് മാനേജരുടെ ക്യാബിൻ, ക്യാഷ് കൗണ്ടർ,ചെക്ക്, ഡ്രാഫ്റ്റ്, വായ്പകൾ എന്നിവ കൈകാര്യം ചെയ്യുന്ന ഓഫീസർമാരുടെ ഇരിപ്പിടങ്ങൾ എന്നിവയെല്ലാം ഒരു ബാങ്കിലേതുപോലെ തന്നെ. തൊടുപുഴ വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലാണ് ബാങ്കിങ്ങുമായി ബന്ധപ്പെട്ട അനുബന്ധ വിഷയങ്ങളും കണ്ടും സ്വയം ചെയ്തു പരിശീലിച്ചും പഠിക്കാൻ വേണ്ടി കുട്ടികൾക്കായി ഒരു ബാങ്കിന്റെ മാതൃക നിർമ്മിച്ചു കൊടുത്തിരിക്കുന്നത്.അക്കൗണ്ട് തുടങ്ങാനും ലോണിനും ഡ്രാഫ്റ്റിനുമൊക്കെ അപേക്ഷിക്കാനുള്ള ഫോമുകൾ, പേയ് ഇൻ സ്ലിപ്പ്, വിത്‌ഡ്രോവൽ ഫോം എന്നിവയോടൊപ്പം കള്ളനോട്ടുകൾ തിരിച്ചറിയാനുള്ള സ്‌കാനർ, നോട്ട് എണ്ണാനുള്ള മെഷീൻ എന്നിവയും ഇവിടെയുണ്ട്. ഇതു കൂടാതെ കുട്ടികൾ തന്നെ നിർമ്മിച്ചെടുത്ത എ.റ്റി. എമ്മിന്റെ ഒരു വർക്കിംങ് മോഡലും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ബ്രാഞ്ച് മാനേജരും, കാഷ്യറും, വിവിധ സേവനമേഖലകൾ കൈകാര്യം ചെയ്യുന്ന ഓഫീസർമാരും , ബാങ്കിന്റെ ഇടപാടുകാരുമെല്ലാം കുട്ടികൾ തന്നെയാണ് എന്നതാണ് കൗതുകം.
വിശ്വസ്തതയുടെയും, സത്യസന്ധതയുടെയും പര്യായമായിരിക്കേണ്ടുന്ന ഒരു ബാങ്കിനു ചേരുന്ന 'ഫിഡലിറ്റി ബാങ്ക് ഓഫ് വില്ലേജ്' എന്ന പേരു തന്നെയാണ് ബാങ്കിനു വേണ്ടി കുട്ടികൾ കണ്ടെത്തിയത്. ഇടുക്കി ഡിസ്ട്രിക്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനായ മെൽബിൻ ജോർജ്ജ് ബാങ്കിന്റെ പ്രവർത്തന രീതികളും നിയമങ്ങളുമെല്ലാം കുട്ടികൾക്ക് പറഞ്ഞുകൊടുത്തത്.ദേശസാൽകൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ എന്നിവയെപ്പറ്റിയും റിസർവ് ബാങ്കിന്റെ വ്യത്യസ്ഥതയെക്കുറിച്ചുമെല്ലാം സംസാരിച്ചത് ഇൻഡസ് ഇൻഡ് ബാങ്ക് കോട്ടയം ശാഖാ മാനേജർ നീൽ ജോസഫ് ആയിരുന്നു.
ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അവരുടെ അക്കാദമിക് നിലവാരത്തിനും പാഠ്യഭാഗങ്ങൾക്കും ചേർന്ന വിധത്തിലാണ് ബാങ്കിംങ് മേഖലാ പരിചയം നൽകുന്നത്. പാഠ്യപദ്ധതിയുടെ ഭാഗമായി സ്‌കൂൾ ടൈംടേബിളിൽ ഉൾപ്പെടുത്തിയത് സ്‌കൂൾ പ്രിൻസിപ്പൽ സരിതാ ഗൗതം കൃഷ്ണയാണ്,