ഉപ്പുതറ: സിംഗപ്പൂരിൽ സ്റ്റാഫ് നഴ്സ് ആയി ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ നൽകി കബളിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആർ.വൈ.എഫ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കോട്ടയം ഏറ്റുമാനൂർ ആസ്ഥാനമായി പ്രവർത്തിച്ചിചിരുന്ന ഹാറ്റ് കോർപ്പറേറ്റ് എന്ന പേരിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പേരിലാണ് മത്തായിപ്പാറ സ്വദേശിനിയായ അദ്ധ്യാപികയുടെ മകൾക്ക് ജോലി വാഗ്ദാനം നൽകി പണം തട്ടിയത്. വ്യാജമായി നിർമ്മിച്ച വിസ നൽകി ഒരു ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയെടുക്കുകയായിരുന്നു.ഇത് സംബന്ധിച്ച് 12 ന് അദ്ധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൻ ഉപ്പുതറ പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ല. ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് പണം കൈമാറിയതെന്നും ഇതിന്റെ വിവരങ്ങൾ ലഭ്യമാകാത്തതാണ് അറസ്റ്റ് ചെയ്യാത്തതിന് കാരണമായി പൊലീസ് പറയുന്നത്. സംസ്ഥാന വ്യാപകമായി നൂറുകണക്കിന് ആളുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനികളായ ദമ്പതികളെ 2019 മേയ് 15 ന് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ വിസ നൽകി പണം തട്ടിയ കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് നൗഷാദ് ആലുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ബിനീഷ് കെ ലംബൈ,അജോ കുറ്റിക്കൻ, ബിനീഷ് കുമാർ ഒ.എം, അജേഷ് മണികണ്ഠൻ, പി.ജി സതീഷ്, സോബിൻ മാത്യു എന്നിവർ സംസാരിച്ചു.