തൊടുപുഴ : കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ നേതാവും പൊതുപ്രവർത്തകനുമായ ആമ്പൽ ജോർജ്ജ് കെ.എസ്.ആർ.ടി.സി താത്കാലിക ഡിപ്പോയ്ക്ക് മുന്നിൽ ഓഗസ്റ്റ് 15 ന് ഏകതാ ഉപവാസം നടത്തും. 5 വർഷം മുമ്പ് ലോറി സ്റ്റാന്റിൽ പ്രവർത്തനം ആരംഭിച്ച ഡിപ്പോയ്ക്ക് അധികാരികൾ അവഗണനയാണ് ലഭിച്ചത്. മഴക്കാലമായതൊടെ ഡിപ്പോ ചെളിക്കുഴിയായി മാറി. യാത്രക്കാർക്ക് നിൽക്കാനോ ​ വിശ്രമിക്കാനോ സ്ഥലമില്ലാതെ നരകയാതന അനുഭവിക്കുകയാണ്. തൊടുപുഴ ഡിപ്പോയുടെ പണി ആരംഭിച്ച് വർഷങ്ങൾക്ക് ശേഷം പണി ആരംഭിച്ച മൂവാറ്റുപുഴ ഡിപ്പോ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. ഡിപ്പോയ്ക്ക് വേണ്ടി സർക്കാർ രണ്ട് ഏക്കർ 87 സെന്റ് ,​ അക്വയർ ചെയ്ത് അളന്ന് തിരിച്ചെടുത്ത കോടികൾ വിലമതിക്കുന്ന സ്ഥലത്തിൽ ഏറിയ പങ്കും ചില സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയിരിക്കുകയാണ്. പുതിയ ഡിപ്പോ നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് മന്ത്രിക്കും കെ.എസ്.ആർ.ടി.സി എം.ഡിക്കും പരാതി നൽകിയതായും ആമ്പൽ ജോർജ്ജ് പറഞ്ഞു. ഉദ്ഘാടനം വൈകിയാൽ തുറന്ന് കൊടുക്കുന്നതുവരെ എല്ലാ ദിവസവും ഡിപ്പോയുടെ മുന്നിൽ രണ്ട് മണിക്കൂർ വീതം ജനകീയ സമരങ്ങൾക്ക് രൂപം നൽകുമെന്നും ആമ്പൽ ജോർജ്ജ് പറഞ്ഞു.