തൊടുപുഴ: ബുദ്ധിമുട്ടുള്ള കേസുകളുടേതടക്കം കുറ്റാന്വേഷണ മികവിൽ ഇടുക്കി ഏറെ മുമ്പിലാണെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ പറഞ്ഞു. തൊടുപുഴ പൊലീസ് ആഡിറ്റോറിയത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉടുമ്പഞ്ചോലയിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ മോഷ്ടിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും ചുരുങ്ങിയ സമയത്തിനുള്ളിൽ പിടിയ്ക്കാനായി. ഭൂമിശാസ്ത്രപരമായി ഏറെ വെല്ലുവിളികൾ നേരിടുമ്പോഴും പൊലീസ് ഉദ്യോഗസ്ഥർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി സ്ഥാനമേറ്റ ശേഷം ടി. നാരായണൻ പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങായിരുന്നു ഇത്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.കെ. റഷീദ് അദ്ധ്യക്ഷനായിരുന്നു. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ് മുഖ്യപ്രഭാഷണം നടത്തി. ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ജി. പ്രകാശ്, ജില്ലാ പൊലീസ് സഹകരണ സംഘം പ്രസിഡന്റ് ജോസഫ് കുര്യൻ, പൊലീസ് അസോസിയേഷൻ സെക്രട്ടറി പി.കെ. ബൈജു, പ്രസിഡന്റ് ഇ.ജി. മനോജ് കുമാർ, സി.ഐ. സജീവ് ചെറിയാൻ, എസ്.ഐ എം.പി. സാഗർ, എൻ.എൻ. സുശീല, കെ.എൻ. വിനോദ് എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ നിന്ന് ഈ മാസം വിരമിക്കുന്ന എസ്.ഐമാരായ ടി.ആർ. രാജൻ, തോമസ് മാത്യു, നാരായണപിള്ള, സാം ഐസക്ക്, കെ.ടി. ജോസഫ്, ബാബു ജോസ് എന്നിവർക്ക് യാത്രയയപ്പ് നൽകി.