വണ്ണപ്പുറം: പട്ടയം നൽകിയിട്ടുള്ള പ്രദേശത്ത് മാത്രമേ തൊഴിലുറപ്പ് പ്രവർത്തികൾ നടത്താവൂ എന്ന് ഡിഎഫ്ഒ, ഇത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് നാട്ടുകാർ. വണ്ണപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതികൾക്ക് തടസ്സം നിൽക്കുന്ന ഡിഎഫ്ഒയുടെ ഉത്തരവാണ് വിവാദമായത്.സർക്കാർ ഭൂമിയിലും സ്വകാര്യ ആളുകളുടെ സ്ഥലം പാട്ടത്തിന് എടുത്തും തൊഴിലുറപ്പ് ജോലികൾ നടത്താൻ സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോഴാണ് ഡി എഫ് ഒ വിവാദ ഉത്തരവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇടുക്കി ജില്ലാ പഞ്ചായത്ത് സെക്രട്ടറി,എറണാകുളം ജില്ലാ പഞ്ചായത്ത് സെക്രട്ടറി,ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി,വണ്ണപ്പുറം, അറക്കുളം തുടങ്ങിയ പഞ്ചായത്തുകളിലെ സെക്രട്ടറിമാർക്കും അതത് സ്ഥലങ്ങളിലെ റേഞ്ച് ഓഫീസർ മുഖേനയാണ് ഉത്തരവ് കൈമാറിയത്
പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ്, കാന തുടങ്ങിയ പ്രവർത്തനങ്ങൾ വനംവകുപ്പിന്റെ അനുമതി ലഭ്യമാക്കാതെ നടത്തരുതെന്ന് ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ കണക്കനുസരിച്ച് വണ്ണപ്പുറം പഞ്ചായത്തിലെ ജന സഖ്യ മുപ്പതിനായിരത്തോളമാണ്.
ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരും പട്ടികജാതി വിഭാഗവും ആദിവാസികളുമാണ് ഇവിടെ കൂടുതലായി വസിക്കുന്നതും.തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കൾ സാധാരണ കൃഷിക്കാരും മറ്റ് ഇതര വിഭാഗം ജനങ്ങളുമാണ് . കഴിഞ്ഞവർഷം 53,891,000 രൂപയുടെ പദ്ധതികളാണ് തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി വണ്ണപ്പുറം പഞ്ചായത്തിൽ ചെയ്തിട്ടുള്ളത്. ഈ വർഷം തൊഴിലുറപ്പ് പദ്ധതികൾ ഇല്ലാതെ വന്നാൽ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് തൊഴിലുറപ്പ് തൊ ഴിലാളികൾ പറഞ്ഞു. വണ്ണപ്പുറം പഞ്ചായത്തിലെ കർഷകരോടുള്ള വനപാലകരുടെ പീഡനം തുടങ്ങിയിട്ട് ഒന്നര വർഷത്തിലേറെയായെന്നും അവർ പറഞ്ഞു. ഡിഎഫ്ഒയുടെ കർഷകരോടുള്ള ജനവിരുദ്ധ നടപടികൾക്കെതിരെ സമരപരിപാടികൾ ആവിഷ്‌ക്കരിക്കാൻ സർവ്വ കക്ഷി യോഗം വിളിക്കാനും തീരുമാനിച്ചു.
പട്ടയമില്ലാവർ ഏറെ
1977 ജനുവരി 1 ന് മുമ്പ് കുടിയേറിയ കർഷകരാണ് വണ്ണപ്പുറം പഞ്ചായത്തിലെ താമസക്കാരിൽ ഭൂരിഭാഗവും. ഇവരിൽ ഒരു ഭാഗം പട്ടയം ലഭിച്ചവരും ബാക്കിയുള്ളവർ ജോയിന്റ് വേരിഫിക്കേഷൻ നടപടികൾ പൂർത്തീകരിച്ചവരും ബാക്കിയുള്ളവർ പട്ടയമില്ലാത്തവരുമാണ്. ഇതിൽ പട്ടയം ലഭിച്ചവർക്ക് മാത്രമേ തൊഴിലുറപ്പ് പദ്ധതികൾ നടത്താനാകൂ എന്നതാണ് ഡിഎഫ്ഒയുടെ പുതിയ ഉത്തരവ്. അരനൂറ്റാണ്ടുകൾക്കുമുമ്പ് കുടിയേറിപ്പാർത്തവരാണ് ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും. പഞ്ചായത്തിൽ 17 വാർഡുകളാണുള്ളത്. ഇതിൽ 14 വാർഡുകളിലും കുടിയേറ്റ കർഷകരാണ് തിങ്ങിപ്പാർക്കുന്നത്.