ചെറുതോണി: പത്തുകിലോ കഞ്ചാവുമായി രണ്ടുപേരെയും കടത്തുന്നതിന് ഉപയോഗിച്ച ബലോറ ജീപ്പും എക്‌സൈസ് സ്‌പെഷ്യൽസ്‌ക്വാഡ് കസ്റ്റഡ8ിയിലെടുത്തു. വ്യാഴാഴ്ച വൈകിട്ട് എട്ടിന് കമ്പിളികണ്ടത്തുനിന്നുമാണ് ഇവരെ അറസ്റ്റുചെയ്തത്. കമ്പിളികണ്ടം ഇരുമലക്കപ്പ് ചങ്ങനാൻ പ്രവീഷ്(37), തങ്കമണി മഠത്തിൻകടവ് പെരിങ്ങരപ്പള്ളിൽ റോയി(43) എന്നിവരാണ് അറസ്റ്റിലായത്. കമ്പത്തുനിന്നും ചെക്‌പോസ്റ്റിനടുത്തുള്ള ഊടുവഴികളിലൂടെ കടത്തികൊണ്ടുവന്നതാണെന്നും കമ്പത്ത് ഒരുകിലോ കഞ്ചാവിന് പതിനായിരം രൂപ നിരക്കിലാണ് വാങ്ങിയതെന്നും പ്രതികൾ പറഞ്ഞു. എറണാകുളത്തുള്ള ഇടനിലക്കാർക്ക് 25000 രൂപ നിരക്കിൽ വിൽക്കുന്നതിന് കാത്തുനിൽക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഇവർ സ്ഥിരമായി കഞ്ചാവ് കടത്തുന്നവരാണെന്നും പ്രവീഷ് ഇതിന് മുമ്പ് രണ്ട് തവണ ചന്ദനക്കടത്ത് കേസിൽ പ്രതിയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെകടർ എൻ. സുധീർ, ഇൻസ്‌പെക്ടർ സുനിൽ ആന്റോ, പ്രിവന്റീവ് ഓഫീസർമാരായ സജിമോൻ, മനോജ്മാത്യു, വിശ്വനാഥൻ, പി.ടി.സിജു സിവിൽ എക്‌സൈസ് ഓഫീസർമാരായ സിജുമോൻ, രവി, അനൂപ്‌തോമസ്, വിഷ്ണു രാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.