തൊടുപുഴ: കാർഷിക രംഗത്ത് പുത്തൻചുവടുവയ്പുമായി തൊടുപുഴ റൂറൽ സഹകരണ സംഘം രംഗത്ത്.ഇലക്കറികളുടെ കൃഷി,സംഭരണം,വിപണനം എന്നിവ നടത്തുന്ന ഇല പദ്ധതി നടപ്പാക്കുമെന്ന് സംഘം അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. താലൂക്കിലെ ഓരോ പഞ്ചായത്തിലും തെരഞ്ഞെടുക്കപ്പെട്ട കർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് പാലക്ക്, പുതിന, ബസല, താൾ, കോവൽ, വെളുത്തുള്ളി പുല്ല്, ചേമ്പ്, ചേന, തകര, കൊടിത്തൂവ, കുമ്പളം, വെളളരി, നെയ്യുണ്ണി, ചീര, പൊന്നാങ്കണ്ണി, മുത്തിൾ, ഉലുവ, ചെറുപയർ, ഉഴുന്ന്, കടുക്, മുരിങ്ങ, തഴുതാമ തുടങ്ങിയവ കൃഷി നടത്തി അവയുടെ സംസ്‌കരണവും വിതരണവും പദ്ധതിയിലൂടെ നടത്തും. ഇതിനു പുറമെ തികച്ചും ജൈവരീതിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇലക്കറികൾ കർഷകരുടെ ആവശ്യങ്ങൾ കഴിഞ്ഞ് ബാക്കി വരുന്നവ പായ്ക്ക് ചെയ്ത് സൂപ്പർമാർക്കറ്റുകളിൽ എത്തിച്ച് വിപണനം നടത്തുകയും ചെയ്യും. കീട നിയന്ത്രണത്തിനും വളപ്രയോഗത്തിനും വേണ്ട പരിശീലനവും നൽകും. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴിലുള്ള പിപിവിഎഫ്ആർഎയുടെ അവാർഡ് നേടിയ സജീവൻ കാവുങ്കർ, കെ.കെ.ശ്രീകുമാർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തിയ ശേഷം ഈ ക്ലസ്റ്ററുകളെ കമ്പനികളാക്കി മാറ്റി മൂല്യവർധിത കാർഷിക ഉത്പന്നങ്ങൾ സംസ്‌കരിച്ച് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. ഇല പദ്ധതിയുടെ ഉദ്ഘാടനം നാളെ കുമാരമംഗലത്ത് റിട്ട.കൃഷി ഓഫീസർ കെ.കെ. ശ്രീകുമാറിന്റെ കൃഷിയിടത്തിൽ പി.ജെ.ജോസഫ് എംഎൽഎ നിർവഹിക്കും. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലിന്റ സിബിൻ,തൊടുപുഴ സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാർ സി.സി.മോഹനൻ, സംഘം പ്രസിഡന്റ് കെ.സുരേഷ് ബാബു, സെക്രട്ടറി ഇൻചാർജ് പി.എ.ബിനീഷ്, വൈസ് പ്രസിഡന്റ് ജലജ ശശി, ടി.ജി. ബിജു, പി.കെ.മധു, സി.പി.കൃഷ്ണൻ എന്നിവർ പ്രസംഗിക്കും