ഇടുക്കി: കെട്ടിടനിർമാണ അനുമതി അനുബന്ധ അപേക്ഷകൾ തീർപ്പാക്കുന്നതിനായി നടത്തിയ ജില്ലാ അദാലത്തിൽ 69 പരാതികൾ ലഭിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്ത് ഹാളിൽ അദാലത്ത് സംഘടിപ്പിച്ചത്. കെട്ടിടനിർമാണ അനുമതി സംബന്ധിച്ച പ്രശ്‌നങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന സർക്കാരിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ജില്ലാ അദാലത്ത് നടത്തുന്നത്. ജില്ലയിലെ പഞ്ചായത്തുകളെ പീരുമേട്, നെടുങ്കണ്ടം, അടിമാലി, തൊടുപുഴ എന്നിങ്ങനെ നാലായി തിരിച്ച് പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് പരാതിക്കാരനെ അതത് വകുപ്പിന്റ പരിശോധനയ്ക്കായി കമ്മിറ്റിക്ക് മുമ്പായി അയച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അദാലത്തിൽ ആകെ 69 പരാതികളാണ് ലഭിച്ചത്. ഇതിൽ ഒന്ന് കോടതികേസ് നിലനിൽക്കുന്നതും ഒന്ന് നിരസിച്ചതുമാണ്. ബാക്കി 67 കേസുകളും കമ്മിറ്റി പരിഗണിച്ചിട്ടുണ്ട്.