രാജാക്കാട് : തൂക്കുപാലം ഹരിത ഫിനാൻസ് തട്ടിപ്പ് കേസിൽ പരാതിക്കാരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. വായ്പ്പ് നൽകാമെന്ന വാഗ്ദാനം വിശ്വസിച്ച് 1,000 മുതൽ 10,000 വരെ രൂപ സർവീസ് ചാർജ് അടച്ച സ്വയം സഹായ സംഘങ്ങൾ ഉൾപ്പെടെയുള്ള അപേക്ഷകരിൽ നിന്നുമാണ് അന്വേഷണത്തിന്റെ ഭാഗമായി മൊഴികൾ ശേഖരിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. പണം അടച്ചവർ പരാതി നൽകാൻ തയ്യാറാകാതെ വന്നതോടെ ക്രൈംബ്രാഞ്ച് സംഘം പണം നഷ്ടപ്പെട്ട വായ്പ്പാപേക്ഷകരെ കണ്ടെത്തി മൊഴി ശേഖരിച്ച് വരികയാണ്. ഇടത്തരക്കാരായ വനിതകളെ മാത്രം ലക്ഷ്യമിട്ടാണ് തട്ടിപ്പ് അരങ്ങേറിയതെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. ഹരിത ഫിനാൻസ് തൂക്കുപാലം ഓഫിസിൽ നിന്നും കണ്ടെത്തിയ രേഖകളിൽ ഇടപാടുകാരുടെ കാര്യമായ വിവരങ്ങളൊന്നും രേഖപ്പെടുത്തിയില്ല. പ്രദേശികമായി നിയമിച്ച ജീവനക്കാരെ ഉപയോഗിച്ച് പിരിച്ചെടുത്ത പണം എവിടേയ്ക്ക് പോയെന്ന അന്വേഷണമാണ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘം നടത്തുന്നത്. ജീവനക്കാരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷകരെ കണ്ടെത്തി നഷ്ടപ്പെട്ട സർവിസ് ചാർജിന്റെ കണക്ക് ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ച് വരികയാണ്. ജൂൺ 12നാണ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് നെടുങ്കണ്ടം പൊലീസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പരാതികൾ ഒത്തുതീർപ്പാക്കാനാണ് ഇവർ ശ്രമിച്ചതെന്ന ആരോപണം ഉയർന്നു. പൊലീസ് ശേഖരിച്ച രേഖകൾ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നു.

ക്രൈംബ്രാഞ്ച് അറിയിപ്പ്


തൂക്കുപാലം ഹരിത ഫിനാൻസുമായി ബന്ധപെട്ട് ലോൺ അപേക്ഷിച്ച് പണം നഷ്ടപെട്ടവർ ക്രൈംബ്രാഞ്ച് അന്വേഷണ സംഘവുമായി ബന്ധപ്പെടണം. ഇതുവരെ ഇടുക്കി ക്രൈം ബ്രാഞ്ചുമായി ബന്ധപെടാത്തവർ രേഖകളുമായി നെടുങ്കണ്ടം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന ക്രൈംബ്രാഞ്ച് താൽകാലിക ഓഫിസുമായി ബന്ധപെടണമെന്നു ഇടുക്കി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചു. ഫോൺ :9497990204.