രാജാക്കാട് : നെടുങ്കണ്ടത്ത് മത്സ്യ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പഴക്കമേറിയ 55.86 കിലോ മത്സ്യം പിടിച്ചെടുത്തു. ഫിഷറീസ്, ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പുകൾ നടത്തിയ പരിശോധനയിലാണ് നാല് സ്ഥാപനങ്ങളിൽ നിന്നായി ഉപയോഗയോഗ്യമല്ലാത്ത മീൻ പിടികൂടിയത്. ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.. പിടികൂടിയവയിൽ മായം കലർത്തിയതായി കണ്ടെത്തിയിട്ടില്ല. ചൂര മീനിലാണ് കൂടുതൽ പഴക്കം കണ്ടെത്തിയിരിക്കുന്നത്. ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.
ഫിഷറിസ് ഇൻസ്‌പെക്ടർ പി.എസ് ഷിനൂപ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ സന്തോഷ് കുമാർ, ആൻമേരി, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസന്ന കുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. മനുഷ്യാവകാശ കമ്മിഷന്റെ നിർദേശത്തെ തുടർന്നാണ് ജില്ലയിൽ വിവിധ വകുപ്പുകളുടെനേതൃത്വത്തിൽ സംയുക്ത പരിശോധന നടക്കുന്നത്. വരും ദിവസങ്ങളിലും റെയ്ഡുകൾ തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.